എഡിറ്റര്‍
എഡിറ്റര്‍
ഒരു രാജ്യം മുഴുവന്‍ എന്റെ നേട്ടത്തിനായി കാത്തിരുന്നു; യോഗേശ്വര്‍ ദത്ത്
എഡിറ്റര്‍
Friday 17th August 2012 9:02pm


ഫേസ് ടു ഫേസ്/യോഗേശ്വര്‍ ദത്ത്
മൊഴിമാറ്റം/ആര്യ.പി.രാജന്‍


ഗോദയില്‍ ഗുസ്തി പിടിച്ച് ഇന്ത്യക്ക് വെങ്കലം നേടിത്തന്ന ഇന്ത്യയുടെ അഭിമാനതാരമാണ് യോഗേശ്വര്‍ ദത്ത്. പുരുഷന്‍മാരുടെ 60 കിലോ ഫ്രീസ്‌റ്റൈല്‍ വിഭാഗത്തില്‍  സ്ഥിരതയാര്‍ന്ന പ്രകടനത്തിലൂടെയാണ്  ഒളിമ്പിക്‌സില്‍ ഇന്ത്യയ്ക്ക് അഞ്ചാം മെഡല്‍ സമ്മാനിച്ചത്.

Ads By Google

സുശീല്‍ കുമാറിനൊപ്പം തന്നെ രാജ്യം ഏറെ പ്രതീക്ഷയര്‍പ്പിച്ച താരമായിരുന്നു യോഗേശ്വര്‍. എന്നാല്‍ പ്രീക്വാര്‍ട്ടറില്‍ തോല്‍വി ഏറ്റുവാങ്ങേണ്ടിവന്നപ്പോള്‍ ഇന്ത്യയുടെ ഗോദയിലെ തിളക്കത്തിന് മങ്ങലേറ്റെങ്കിലും റെപെഷാസിലേക്ക് നീട്ടിയ ആയുസ്സില്‍ ഉജ്ജ്വല പ്രകടനത്തോടെ രാജ്യത്തിന് വെങ്കലത്തിളക്കം നല്‍കുകയായിരുന്നു താരം.

തന്റെ നേട്ടം രാജ്യത്തിന് സമര്‍പ്പിക്കുന്നുവെന്നായിരുന്നു യോഗേശ്വറിന്റെ മത്സരശേഷമുള്ള പ്രതികരണം.  കെ.ഡി. യാദവ് (1952), സുശീല്‍ കുമാര്‍ (2008) എന്നിവര്‍ക്കുശേഷം ഗുസ്തിയില്‍ വെങ്കലം നേടുന്ന ഇന്ത്യന്‍ താരമാണ് ദത്ത്. ഗോദയിലേക്കുള്ള തന്റെ രണ്ടാം വരവിനെ കുറിച്ചും മെഡല്‍ നേട്ടത്തെ കുറിച്ചും ദത്ത് സംസാരിക്കുന്നു..

ഇന്ത്യയ്ക്കായി ഒരുമെഡല്‍ നേടിയിരിക്കുന്നു, എന്താണ് തോന്നുന്നത് ?

എനിയ്ക്ക് അത് പറയാന്‍ വാക്കുകളില്ല. എല്ലാ താരങ്ങളും ഒളിമ്പിക്‌സ് നേട്ടത്തിന് ശേഷം വാചാലരാകുന്നത് കാണാറുണ്ട്. എന്നാല്‍ ആ നേട്ടത്തിന്റെ സുഖം ഞാന്‍ അറിഞ്ഞിരുന്നില്ല. ഇപ്പോഴാണ് ആ സന്തോഷം അനുഭവിക്കാനാവുന്നത്. സ്വപ്‌നയാഥാര്‍ത്ഥ്യമാണ് ഇവിടെ നടന്നത്.

റെപെഷാസ് റൗണ്ടില്‍ ടെന്‍ഷന്‍ അനുഭവിച്ചോ ?

അപ്പോള്‍ എന്റെ മുന്‍പില്‍ ഒരേയൊരു ചിന്ത മാത്രമേ ഉള്ളു. ഒരു രാജ്യം മുഴുവന്‍ എന്റെ നേട്ടത്തിനായി കാത്തിരിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ വിജയത്തില്‍ കുറവായി ഒന്നും പകരം വെയ്ക്കാനില്ല. ആ ഒരു തോന്നല്‍ തന്നെയാണ് എന്നെ വിജയത്തിലെത്തിച്ചതും.

ബെയ്ജിയത്തില്‍ നിന്നേറ്റ തിരിച്ചടിയ്ക്ക് ശേഷം മത്സരരംഗത്തോട് തന്നെ വിടപറയണമെന്ന് തീരുമാനിച്ചിരുന്നല്ലോ ?

ബെയ്ജിയം ഒളിമ്പിക്‌സിന് ശേഷം ഈ രംഗത്തോട് തന്നെ വിടപറയണമെന്നായിരുന്നു ഞാന്‍ കരുതിയത്. എന്റെ വലതുകാലിനേറ്റ പരിക്ക് അത്രയും വലുതായിരുന്നു. എന്നാല്‍ കരിയറിനോട് വിടപറയാന്‍ എന്റെ മനസ്സ് അനുവദിച്ചില്ല. ഒരു ഒളിമ്പിക്‌സ് മെഡല്‍ എന്ന ലക്ഷ്യം മനസ്സില്‍ ഉണ്ടായിരുന്നു. അത് നേടുന്നതുവരെ ഈ രംഗത്ത് തുടരണമെന്ന് തോന്നി. പിന്നെ എടുത്തുപറയേണ്ട പേര് സുശീല്‍ കുമാറിന്റേതാണ്. അദ്ദേഹം ഇല്ലായിരുന്നെങ്കില്‍ ഒരു പക്ഷേ ഞാന്‍ ഇന്ന് ഇവിടെ നില്‍ക്കില്ലായിരുന്നു. കരിയര്‍ തന്നെ അവസാനിപ്പിക്കണം എന്ന് തീരുമാനിച്ചിരിക്കുന്ന സമയത്ത് എനിയ്ക്ക് പിന്തുണയും ആത്മവിശ്വാസവും നല്‍കിയത് സുശീല്‍ ആയിരുന്നു. ഒരു ഒളിമ്പിക്‌സ് മെഡലെങ്കിലും നേടാതെ കരിയര്‍ അവസാനിപ്പിക്കരുതെന്ന് പറഞ്ഞത് അദ്ദേഹമായിരുന്നു.

മത്സരത്തിനിടെ കാല്‍മുട്ടിനേറ്റ പരിക്ക് ഗുരുതരമായിരുന്നല്ലോ, എങ്ങനെയാണ് പരിക്കില്‍ നിന്നും മോചിതനായത് ?

ആ സമയത്തൊക്കെ ഞാന്‍ മാനസികമായി ആകെ തളര്‍ന്നിരിക്കുകയായിരുന്നു, എന്തുചെയ്യണമെന്നോ എങ്ങനെ മുന്നോട്ട് പോകണമെന്നോ അറിയാത്ത അവസ്ഥ. എന്നെ പരിശോധിച്ച ഡോക്ടര്‍മാര്‍ എല്ലാവരും പറഞ്ഞു. എന്റെ കരിയര്‍ അവസാനിച്ചെന്നും, ഇനി ഒരു ഊന്നുവടിയുടെ സഹായമില്ലാതെ എനിയ്ക്ക് നടക്കാനാകില്ലെന്നും. എങ്കിലും തോറ്റ് പിന്‍മാറാന്‍ ഞാന്‍ തയ്യാറായിരുന്നില്ല.

പിന്നീട് നടന്ന ചികിത്സ എവിടെവെച്ചായിരുന്നു ?

സൗത്ത് ആഫ്രിക്കയില്‍ വെച്ചാണ് ചികിത്സ നടത്തിയത്. പത്തുമാസത്തെ കഠിനമായ ചികിത്സയായിരുന്നു. കാല്‍മുട്ടിന് ശസ്ത്രക്രിയ നടത്തണമെന്നായിരുന്നു ഡോക്ടര്‍മാര്‍ പറഞ്ഞത്. എത്ര ചികിത്സ ചെയ്തിട്ടാണെങ്കിലും പഴയതിനേക്കാല്‍ സ്‌ട്രോംങ് ആയ കാല്‍ എനിയ്ക്ക് വേണമെന്നതുമാത്രമായിരുന്നു എന്റെ ആകെയുള്ള നിബന്ധന. അങ്ങനെയാണ് ശസ്ത്രക്രിയ നടത്തിയത്. അത് വിജയമായിരുന്നു. അതിന് ശേഷം കഠിനമായ പരിശീലന മുറകളായിരുന്നു. ഒരു ദിവസം ആറ് മണിക്കൂര്‍ വരെ ജിമ്മില്‍ പരിശീലനം നടത്തിയിട്ടുണ്ട്.

ലണ്ടനില്‍ നേരിടേണ്ടിവന്ന ചാലഞ്ച് എന്തൊക്കൊയായിരുന്നു ?

ഒന്നുകില്‍ പ്രവര്‍ത്തിക്കുക അല്ലെങ്കില്‍ മരിക്കുക എന്നതായിരുന്നു അവിടുത്തെ അവസ്ഥ,(ചിരിക്കുന്നു) ഇഞ്ചോടിഞ്ച് പോരാട്ടമായിരുന്നു. ഒരു മെഡല്‍ നേടിയിട്ടേ അടങ്ങൂ എന്ന ഒരു വാശിയുണ്ടായിരുന്നു എന്റെ മനസ്സില്‍ ആ ഒരു വാശിയാണ് ഈ നേട്ടത്തിലേക്ക് എന്നെ നയിച്ചത്. ആദ്യ റൗണ്ടില്‍ ബള്‍ഗേറിയയുടെ അനാറ്റലീ ലാരിനോവിച് ഗ്യൂഡിയയെ വീഴ്ത്തി പ്രീ ക്വാര്‍ട്ടറില്‍ കടന്നത് അനായാസമായിട്ടായിരുന്നു. എന്നാല്‍ റഷ്യയുടെ ബേസിക് കുഡുഖോയ്ക്ക മുന്നില്‍ ശരിക്കും അടിപതറി.

പിന്നീട് വെങ്കല മെഡലിനായുള്ള മൂന്ന് മത്സരങ്ങളിലും വിജയ കുതിപ്പായിരുന്നു. ആദ്യ മത്സരത്തില്‍ പ്യൂര്‍ടോറിക്കയുടെ ഫ്രാങ്ക്‌ലിന്‍ ഗോമസിനെ തോല്‍പ്പിക്കാന്‍ കഴിഞ്ഞു. രണ്ടാം മത്സരത്തില്‍ വെല്ലുവിളിയുമായെത്തിയ ക്വാര്‍ട്ടര്‍ ഫൈനലിസ്റ്റ് ഇറാന്റെ മസൂദ് ഇസ്മായിലിനെയാണ് അട്ടിമറിച്ചതും നേട്ടമായി.വെങ്കല മെഡല്‍ മത്സരത്തില്‍ ഉത്തര കൊറിയയുടെ ജോങ് മ്യോങ്ങാനെ മറികടക്കാന്‍ കഴിയുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല. എങ്കിലും ജീവന്‍മരണ പോരാട്ടത്തിലൂടെ ഞാന്‍ വെങ്കല മെഡലിന് ഉടമയായി.

ഇതിന് മുന്‍പത്തെ നേട്ടങ്ങളെ കുറിച്ച് ഓര്‍ക്കാറുണ്ടോ ?

തീര്‍ച്ചയായും, ഒളിമ്പിക്‌സ് മെഡല്‍ നേടിയെന്ന് വെച്ച് മറ്റു മെഡലുകളെ വിസ്മരിക്കാന്‍ കഴിയില്ല. 2008 ബെയ്ജിങ് ഒളിമ്പിക്‌സില്‍ മത്സരിച്ചെങ്കിലും ഞാന്‍ ക്വാര്‍ട്ടറില്‍ പുറത്തായിരുന്നു. എന്നാല്‍  ദല്‍ഹി കോമണ്‍ വെല്‍ത്ത് ഗെയിംസിലെ സ്വര്‍ണവും 2006 ദോഹ ഏഷ്യന്‍ ഗെയിംസില്‍ വെങ്കലവും എനിയ്ക്ക് ആത്മവിശ്വാസം നല്‍കിയിരുന്നു.  ഏഷ്യന്‍ ഗുസ്തി ചാമ്പ്യന്‍ഷിപ്പിലും 2003 ലോക ഗുസ്തി ചാമ്പ്യന്‍ഷിപ്പിലും സ്വര്‍ണം നേടാനായതില്‍ ഏറെ അഭിമാനിക്കുന്ന വ്യക്തിയാണ് ഞാന്‍.

ലണ്ടന്‍ ഒളിമ്പിക്‌സ് മത്സരത്തിനിടെ വലതുകണ്ണിനേറ്റ പരിക്ക് ഏറെ വലച്ചോ?

കുറേയൊക്കെ പ്രശ്‌നങ്ങളുണ്ടായിരുന്നു. എന്നാലും അത്തരമൊരു അവസരത്തില്‍ അതൊന്നും ഒരു വിഷയമല്ല. യഥാര്‍ത്ഥത്തില്‍ ഒരുകണ്ണിലൂടെ മാത്രമേ എനിയ്ക്ക് കാണാന്‍ കഴിയുമായിരുന്നുള്ളൂ, എങ്കിലും ഭാഗ്യം എന്നൊരു ഘടകം എന്നെ തുണച്ചതിനാല്‍ മത്സരത്തില്‍ വിജയിക്കാനായി.

സുശീല്‍ കുമാറിന്റെ മെഡല്‍ നേട്ടത്തെ എങ്ങനെ കാണുന്നു ?

യഥാര്‍ത്ഥത്തില്‍ സുശീലാണ് എന്റെയൊക്കെ റോള്‍ മോഡല്‍ എന്നുവേണമെങ്കില്‍ പറയാം. സുശീല്‍ പരിശീലനം നടത്തുന്നത് കണ്ട് ഞാന്‍ അത്ഭുതത്തോടെ നോക്കി നിന്നിട്ടുണ്ട്. അത്രയേറെ അര്‍പ്പണമനോഭാവമുള്ള വ്യക്തിത്വമാണ് അദ്ദേഹത്തിന്റേത്. അത് കുറേയൊക്കെ എന്റെ ജീവിതത്തിലേക്ക് കൊണ്ടുവരാനും ഞാന്‍ ശ്രമിച്ചിട്ടുണ്ട്.

ലണ്ടന്‍ ഒളിമ്പിക്‌സിനായുള്ള പരിശീലനം എങ്ങനെയായിരുന്നു ?

ഒളിമ്പിക്‌സിനായി മാത്രമല്ല, ഗുസ്തിമത്സരത്തില്‍ നിലയുറപ്പിക്കാനായി ഏറെ കഷ്ടതകള്‍ അനുഭവിച്ച വ്യക്തിയാണ് ഞാന്‍. കഴിഞ്ഞ 21 വര്‍ഷത്തെ പ്രയത്‌നത്തിന്റെ ഫലമാണ് ഇപ്പോള്‍ ഇവിടെ ലഭിച്ചത്. എന്റെ ചെറുപ്പം മുതല്‍ തന്നെ ആഗ്രഹിച്ചിരുന്ന ഒന്നായിരുന്നു ഒളമ്പിക്‌സ് മെഡല്‍. ദിവസേന പത്തും പന്ത്രണ്ടും മണിക്കൂര്‍ വരെ പരിശീലനത്തിനായി ചിലവഴിക്കാറുണ്ടായിരുന്നു. അതിന്റെയൊക്കെ ഫലമാണ് ലണ്ടനില്‍ കണ്ടത്.

കടപ്പാട്: ഇന്ത്യ ടുഡേ

Advertisement