എഡിറ്റര്‍
എഡിറ്റര്‍
സീ ന്യൂസ് എഡിറ്റര്‍മാരെ അറസ്റ്റ് ചെയ്തത് നിയമവിരുദ്ധമെന്ന് ചാനല്‍ സി.ഇ.ഒ
എഡിറ്റര്‍
Wednesday 28th November 2012 12:00pm

ന്യൂദല്‍ഹി: സീ ന്യൂസ് എഡിറ്റര്‍ സുധീര്‍ ചൗധരിയെയും ബിസിനസ് എഡിറ്റര്‍ സമീര്‍ അലുവാലിയെയും പോലീസ് അറസ്റ്റ് ചെയ്തത് നിയമവിരുദ്ധമെന്ന് സീ ന്യൂസ് സി.ഇ.ഒ അലോക് അഗര്‍വാള്‍. ‘രാഷട്രീയ സമ്മര്‍ദ്ദത്തിന് വിധേയമായാണ് അറസ്റ്റ്. തങ്ങളുടെ ജീവനക്കാര്‍ തെറ്റൊന്നും ചെയ്തിട്ടില്ല.

Ads By Google

ദിഗ് വിജയ് സിങും രമണ്‍ സിങും അര്‍ജ്ജുന്‍ മുണ്ടെയും വാര്‍ത്ത നല്‍കരുതെന്ന് ആവശ്യപ്പെട്ടിരുന്നു. നവീന്‍ ജിന്‍ഡാല്‍ പണം വാഗ്ദാനം ചെയ്തത് പുറത്തുകൊണ്ടുവരികയാണ് ചെയ്തത്’- സി.ഇ.ഒ പറഞ്ഞു.

കോണ്‍ഗ്രസ് എം.പി നവീന്‍ ജിന്‍ഡാലിനെ ഭീഷണിപ്പെടുത്തി 100 കോടി രൂപ തട്ടിയെടുക്കാന്‍ ശ്രമിച്ചുവെന്ന കേസിലാണ് ഇരുവരേയും അറസ്റ്റ് ചെയ്തത്. നവീന്‍ ജിന്‍ഡാലിനെതിരായ കല്‍ക്കരി ഖനി അഴിമതി ആരോപണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാതിരിക്കാന്‍ സീ ന്യൂസ് 100 കോടി രൂപ ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ ദൃശ്യങ്ങള്‍ ജിന്‍ഡാല്‍ തന്നെ പുറത്ത് വിട്ടിരുന്നു.

ഒരു മാസം മുമ്പ് ജിന്‍ഡാലിന്റെ കമ്പനി നല്‍കിയ പരാതിയിലാണ് അറസ്റ്റ്. സുധീര്‍ ചൗധരിയും സമീര്‍ അലുവാലിയെയും ഇന്ന് കോടതിയില്‍ ഹാജരാക്കും. സീ ന്യൂസ് ചാനല്‍ നേരത്തെ കോണ്‍ഗ്രസ് എം.പി നവീന്‍ ജിന്‍ഡാലിനെതിരെ മാനനഷ്ടത്തിന് നോട്ടീസയച്ചിരുന്നു.

ആരോപണങ്ങള്‍ പിന്‍വലിച്ചില്ലെങ്കില്‍ 150 കോടി രൂപ നഷ്ടപരിഹാരം നല്‍കണമെന്നാവശ്യപ്പെട്ടാണ് നോട്ടീസ് അയച്ചത്. 1.86 ലക്ഷം കോടിയുടെ കല്‍ക്കരി കുംഭകോണത്തില്‍ തന്റെ കമ്പനികള്‍ക്കെതിരെയുള്ള തെളിവ് മറച്ചുവെക്കാന്‍ സീ ന്യൂസ് പണം ആവശ്യപ്പെട്ടുവെന്നാണ് വാര്‍ത്താ സമ്മേളനത്തില്‍ നവീന്‍ ജിന്‍ഡാല്‍ ആരോപിച്ചത്.

സീ ന്യൂസ് എഡിറ്റര്‍ സുധീര്‍ ചൗധരിയും ബിസിനസ് എഡിറ്റര്‍ സമീര്‍ ആലുവാലിയയും 100 കോടി രൂപ ആവശ്യപ്പെട്ടുവെന്നാണ് ജിന്‍ഡാല്‍ പറഞ്ഞു. മാധ്യമപ്രവര്‍ത്തകര്‍ പണം സംബന്ധിച്ച് വിലപേശുന്ന വീഡിയോ ടേപ്പുമായാണ് നവീന്‍ ജിന്‍ഡാല്‍ വാര്‍ത്താസമ്മേളനം നടത്തിയത്.

പണം ആവശ്യപ്പെടുന്നതിന്റെ ഒളിക്യാമറ ദൃശ്യമാണ് സ്റ്റീല്‍ കമ്പനി ഉടമയായ നവീന്‍ ജിന്‍ഡാല്‍ പുറത്തുവിട്ടത്. 25 കോടി രൂപ വീതം പരസ്യയിനത്തില്‍ ഉള്‍പ്പെടുത്തി നാല് വര്‍ഷം കൊണ്ട് നല്‍കണമെന്നാണ് ചാനല്‍ അധികൃതര്‍ ആവശ്യപ്പെട്ടതെന്നും തന്നെ കല്‍ക്കരിപ്പാടം അഴിമതി വിവാദത്തില്‍ ഉള്‍പ്പെടുത്തുമെന്ന് കാണിച്ച് ബ്ലാക്ക് മെയില്‍ ചെയ്യുകയാണെന്നും നവീന്‍ ജിന്‍ഡാല്‍ ആരോപിച്ചിരുന്നു.

സീ ന്യൂസ് നേരത്തെ തന്നെ ഈ ആരോപണങ്ങള്‍ നിഷേധിച്ചിരുന്നു. പണം നല്‍കാന്‍ തയ്യാറായി ജിന്‍ഡാല്‍ മുന്നോട്ടുവരികയാണ് ഉണ്ടായതെന്ന് ചാനല്‍ വ്യക്തമാക്കി. 2009ല്‍ 1500 ദശലക്ഷം മെട്രിക് ടണ്‍ ശേഷിയുളള ഖനിയാണ് ജിന്‍ഡാലിന്റെ നേതൃത്വത്തിലുളള കമ്പനി നേടിയത്.

ഇത് വ്യവസ്ഥകള്‍ ലംഘിച്ചാണെന്നായിരുന്നു സീ ന്യൂസിന്റെ റിപ്പോര്‍ട്ട്. നേരത്തെ, ജിന്‍ഡാല്‍ വ്യവസ്ഥ തെറ്റിച്ച് കല്‍ക്കരി പാടം നേടിയെന്ന് ബി.ജെ.പി എം.പി ഹന്‍സ്രാജ് അഹിറും ആരോപിച്ചിരുന്നു.

Advertisement