കോഴിക്കോട്: മലയാളിക്ക് എന്നെന്നും മനസ്സില്‍ സൂക്ഷിക്കാന്‍ ഒരുപിടി നല്ല ഗാനങ്ങള്‍ സമ്മാനിച്ച സംഗീത സംവിധായകന്‍ ബാബുരാജിന്റെ വീട്ടില്‍ ഗാനഗന്ധര്‍വ്വന്‍ യേശുദാസ് വിരുന്നെത്തി. വ്യാഴാഴ്ചയാണ് കോഴിക്കോട്ടെ മാങ്കാവിലെ രംഗ് രാഗ് ഹൗസില്‍ യേശുദാസ് സന്ദര്‍ശനം നടത്തിയത്. ബാബുരാജിന്റെ കുടുബാംഗങ്ങളുമായി രണ്ട് മണിക്കൂര്‍ ചെലവവിച്ച ഗായകന്‍ അവര്‍ക്ക് വേണ്ടി ‘താമസമെന്തേ വരുവാന്‍….’ എന്ന് തുടങ്ങുന്ന ഗാനവും ആലപിച്ചു

കുടുംബവുമായുള്ള സ്‌നേഹബന്ധം പുതുക്കാനാണ് ദാസ് എത്തിയത്. ബാബുരാജിനോടുള്ള കടപ്പാട് തീര്‍ത്താല്‍ തീരില്ലെന്നും തന്നെ ഒരു സഹോദരനായി കണക്കാക്കണമെന്നും കുടുംബാംഗങ്ങളോട് ദാസ് പറഞ്ഞു.

ബാബുരാജിന്റെ ഭാര്യ ബിച്ചബാബുരാജും മക്കളും മരുമക്കളും ചേര്‍ന്ന് യേശുദാസിനെ സ്വീകരിച്ചു. ബിച്ച ഉംറക്ക് പോയപ്പോള്‍ കൊണ്ട് വന്ന സംസം വെള്ളവും കാരക്കയും നല്‍കി. ദാസ് അത് സന്തോഷത്തോടെ സ്വീകരിച്ചു. പിന്നീട് ചായ കഴിച്ചതിന് ശേഷമാണ് യേശുദാസ് രംഗ് രാഗില്‍ നിന്ന് യാത്രയായത്.