തിരുവനന്തപുരം: ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തില്‍ കയറാന്‍ ഗായകന്‍ യേശുദാസിന് ക്ഷേത്രഭരണ സമിതി അനുമതി നല്‍കി. വിജയദശമി ദിവസമായ സെപ്റ്റംബര്‍ 30നാണ് യേശുദാസിന് ക്ഷേത്രദര്‍ശനത്തിന് ക്ഷേത്രഭരണ സമിതി അനുമതി നല്‍കിയത്.

ക്ഷേത്രം എക്‌സിക്യൂട്ടീവ് ഓഫീസര്‍ രതീശനാണ് പ്രത്യേക ദൂതന്‍ വഴി യേശുദാസ് ഇന്നലെ അപേക്ഷ സമര്‍പ്പിച്ചിരിക്കുന്നത്. വിജയദശമി ദിവസമായ ഈ മാസം മുപ്പതിന് ക്ഷേത്രദര്‍ശനം നടത്തുവാന്‍ അനുവാദം നല്‍കണമെന്നാണ് യേശുദാസ് അപേക്ഷയില്‍ പറഞ്ഞിരുന്നത്.

മുകാംബിക, ശബരിമല തുടങ്ങിയ ക്ഷേത്രങ്ങളില്‍ സന്ദര്‍ശിച്ചിട്ടുള്ള യേശുദാസ് ക്ഷേത്രം അധികൃതര്‍ക്കുള്ള കത്തിനൊപ്പം താന്‍ ഹിന്ദുമത വിശ്വാസിയാണെന്ന് രേഖാമൂലം സാക്ഷ്യപ്പെടുത്തിയ സത്യവാങ്മൂലവും യേശുദാസ് സമര്‍പ്പിച്ചിരുന്നു.

ക്ഷേത്രത്തില്‍ ഹിന്ദുമത വിശ്വാസികളെയാണ് പ്രവേശിപ്പിക്കാറുള്ളതെങ്കിലും വിദേശികളും മറ്റും ക്ഷേത്രത്തില്‍ എക്‌സിക്യൂട്ടീവ് ഓഫീസറുടെ അനുവാദത്തോടെ പ്രവേശിക്കാറുണ്ട്.