എഡിറ്റര്‍
എഡിറ്റര്‍
യേശുദാസിന് നിയമസഭയുടെ ആദരം
എഡിറ്റര്‍
Wednesday 11th April 2012 7:00pm

Pathmashree K J Yesudas,

തിരുവനന്തപുരം: ചലച്ചിത്രസംഗീതരംഗത്ത് അരനൂറ്റാണ്ട് പിന്നിടുന്ന ഡോ. കെ.ജെ. യേശുദാസിനെ കേരള നിയമസഭ ആദരിച്ചു. നിയമസഭാ സമുച്ചയത്തിലെ മെംബേഴ്‌സ് ലോഞ്ചില്‍ നടന്ന ചടങ്ങ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉദ്ഘാടനം ചെയ്തു. ഗാനാലാപത്തിനുപരി മാനവസ്‌നേഹത്തിനും മതസൗഹാര്‍ദത്തിനും വേണ്ടി നിലകൊള്ളുന്ന മഹാനായ കലാകാരനാണ് യേശുദാസെന്ന് മുഖ്യമന്ത്രി ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു. മറ്റുള്ളവരെക്കുറിച്ച് ചിന്തിക്കാനും അവര്‍ക്കുവേണ്ടി പ്രവര്‍ത്തിക്കാനും തയ്യാറാകുന്ന യേശുദാസിന്റെ വലിയ മനസ്സാണ് കോക്ലിയാര്‍ ഇംപ്ലാന്റ് വഴി നിരവധി ബധിരകുട്ടികള്‍ക്ക് ആശ്വാസമാകാന്‍ പോകുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. കേരളത്തിന്റെ മുഖമുദ്രയായ മതസൗഹാര്‍ദം ഊട്ടിയുറപ്പിക്കുന്നതിന് യേശുദാസ് നടത്തുന്ന ഇടപെടലുകള്‍ പ്രാധാന്യമുള്ളതാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.

മലയാളിക്ക് എന്നും ഊറ്റം കൊള്ളാവുന്ന ഒരു ദേശീയ സ്വത്താണ് യേശുദാസെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച സ്പീക്കര്‍ ജി. കാര്‍ത്തികേയന്‍ പറഞ്ഞു. ലോകത്തില്‍ എവിടെ പോയാലും മലയാളിയുടെ സംഗീത ഭാവുകത്വത്തെ ഇത്രയേറെ സ്വാധീനിച്ച മറ്റൊരാളില്ലെന്നും സ്പീക്കര്‍ പറഞ്ഞു.

ഒരു ജനതയുടെ മുഴുവന്‍ വികാരമാണ് യേശുദാസിന്റെ ശബ്ദം. ഒരു ഭാഷയുടെ ജനകീയ ഈണത്തിന്റെ രൂപമാണ് യേശുദാസെന്നും ആദരിക്കല്‍ ചടങ്ങില്‍ മുഖ്യ പ്രഭാഷണം നടത്തിയ വി.എസ്.അച്യുതാനന്ദന്‍ പറഞ്ഞു.

നമ്മുടെ നാട് ഒന്നാമതെത്താന്‍ കക്ഷിരാഷ്ട്രീയഭേദമന്യെ എല്ലാവരും ഒത്തൊരുമിച്ച് പ്രവര്‍ത്തിക്കേണ്ടത് ആവശ്യമാണെന്ന് നിയമസഭ നല്‍കിയ ആദരവിന് മറുപടിപ്രസംഗം നടത്തവെ യേശുദാസ് പറഞ്ഞു. ഭാവിതലമുറയ്ക്കുവേണ്ടി വിട്ടുവീഴ്ച ചെയ്യാന്‍ എല്ലാവരും തയ്യാറാകണം. കേരളത്തെ ഇന്ത്യയുടെ കവാടമാക്കി മാറ്റാന്‍ ശേഷിയുള്ള വിഴിഞ്ഞം പദ്ധതി നടപ്പാക്കാന്‍ എല്ലാ കക്ഷികളും ഒരുമിച്ച് പ്രവര്‍ത്തിക്കണം. കലാകാരന്‍മാര്‍ ശരീരവും ശാരീരവും സൂക്ഷിച്ചാല്‍ അനുഭവസിദ്ധിയുള്ളതാക്കി മാറ്റാം. ശുദ്ധമായ ഭക്ഷണവും ജീവിതരീതിയും കലാകാരന്‍മാര്‍ക്ക് ജന്മനാ ലഭിച്ച കഴിവുകള്‍ സംരക്ഷിക്കാന്‍ സഹായിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

പ്രതിപക്ഷനേതാവ് വി.എസ്.അച്യുതാനന്ദന്‍ പൊന്നാടയണിയിച്ചും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിയമസഭയുടെ ഉപഹാരം നല്‍കിയും യേശുദാസിനെ ആദരിച്ചു. 2012 മാര്‍ച്ച് 22 ന് നിയമസഭയില്‍ നടത്തിയ പ്രത്യേകപരാമര്‍ശത്തിന്റെ പകര്‍പ്പ് സ്പീക്കര്‍ ജി.കാര്‍ത്തികേയന്‍ യേശുദാസിന് സമ്മാനിച്ചു. ഡോ.കെ.ജെ.യേശുദാസിനെക്കുറിച്ചുള്ള സദ്ഗുരു എന്ന ഡോക്യുമെന്ററിയുടെ ആദ്യപ്രദര്‍ശനവുും നടന്നു.

Advertisement