കൊച്ചി: ഗാനഗന്ധര്‍വന്‍ കെ ജെ യേശുദാസ് ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനം നടത്തുന്നത് തടയരുതെന്ന് ആവശ്യപ്പെട്ട് നല്‍കിയ പൊതുതാല്‍പര്യ ഹരജി ഹൈക്കോടതി തള്ളി. ഹരജി അനാവശ്യമാണെന്ന് ജസ്റ്റിസ് തോട്ടത്തില്‍ ബി രാധാകൃഷ്ണന്‍, പി എസ ്‌ഗോപിനാഥന്‍ പിള്ള എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ച് നിരീക്ഷിച്ചു.

കോഴിക്കോട് മൊകവൂര്‍ പൊന്നാനി പറമ്പത്ത് ലളിതാ വാസുദേവായിരുന്നു പരജി ഫയല്‍ ചെയ്തത്.

യേശുദാസ് ഹിന്ദുമത വിശ്വാസപ്രകാരം ക്ഷേത്രങ്ങളില്‍ ആരാധന നടത്തുന്നയാളാണെന്ന് ഹരജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. മൂകാംബിക ക്ഷേത്രം, ശബരിമല, തിരുപ്പതി, തൃച്ചംബരം തുടങ്ങിയ ക്ഷേത്രങ്ങളില്‍ പതിവായി ദര്‍ശനം നടത്താറുണ്ട്. യേശുദാസ് തന്റെ സപ്തതിപോലും കുടുംബാംഗങ്ങളോടൊപ്പം ആഘോഷിച്ചത് മൂകാംബിക ദേവീ ക്ഷേത്രത്തിലായിരുന്നു. ഈ സാഹചര്യത്തില്‍ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ മാത്രം അദ്ദേഹത്തിന്റെ പ്രവേശനം വിലക്കുന്നത് ഭരണഘടനാ വിരുദ്ധവും അനീതിയുമാണെന്നായിരുന്നു ഹരജിക്കാരി ചൂണ്ടിക്കാട്ടിയത്.