കൊച്ചി: ജീവന്‍ രക്ഷാ മരുന്നുകള്‍ കൊള്ളലാഭത്തിന് വില്‍ക്കുന്നതിനെതിരെ ഗായകന്‍ യേശുദാസ് നല്‍കിയ ഹരജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. ചീഫ് ജസ്റ്റിസ് എസ് ആര്‍ ബന്നൂര്‍മഠ് ജസ്റ്റിസ് തോട്ടത്തില്‍ ബി.രാധാകൃഷ്ണന്‍ അടങ്ങുന്ന ഡിവിഷന്‍ ബെഞ്ചിന് മുമ്പാകെയാണ് ഹരജിയെത്തുന്നത്.

ക്യാന്‍സറിനുള്‍പ്പെടെയുളള ജീവന്‍രക്ഷാ മരുന്നുകള്‍ വിവിധ ഏജന്‍സികള്‍ കൊളള ലാഭത്തിന് വില്‍ക്കുന്നതായി ഹരജിയില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. മരുന്നു കവറുകളിലെ പരമാവധി വില്‍പ്പന വില അധികമായി കാണിച്ചാണ് അമിത ലാഭമുണ്ടാക്കുന്നത്. ജീവന്‍രക്ഷാ മരുന്നുകള്‍ വില്‍ക്കുന്നതിന് പ്രത്യേക മെഡിക്കല്‍ സ്‌റ്റോറുകള്‍ തുടങ്ങുമെന്ന് ആരോഗ്യവകുപ്പ് നേരത്തേ പ്രഖ്യാപിച്ചിരുന്നെങ്കിലും എവിടെയുമെത്തിയില്ല.

കേന്ദ്ര സര്‍ക്കാര്‍, സംസ്ഥാന ആരോഗ്യവകുപ്പ്, മന്ത്രി പി.കെ. ശ്രീമതി, ഡ്രഗ് കണ്‍ട്രോള്‍ എന്നിവരെ എതിര്‍കക്ഷികളാക്കിയാണ് ഹര്‍ജി. യേശുദാസും കൊച്ചിയിലെ സാമൂഹ്യസംഘടനയായ ജനപക്ഷവും ചേര്‍ന്നാണ് കോടതിയെ സമീപിച്ചത്.