എഡിറ്റര്‍
എഡിറ്റര്‍
നാലായിരത്തിലേറെ വിനോദസഞ്ചാരികള്‍ ഇന്നലെയും ഇന്നുമായി കേരളത്തിലെത്തും
എഡിറ്റര്‍
Monday 26th November 2012 12:25pm

നെടുമ്പാശേരി: കപ്പലിലും വിമാനങ്ങളിലുമായി നാലായിരത്തിലേറെ വിനോദ സഞ്ചാരികള്‍ ഇന്നലെയും ഇന്നുമായി കേരളത്തിലെത്തും. ഇന്നലെ കൊച്ചി തുറമുഖത്തെത്തിയ എയ്ഡ ഡിവ എന്ന ആഡംബര കപ്പലിലും ഇന്ന് വിമാനത്താവളത്തില്‍ എത്തുന്ന ചാര്‍ട്ടര്‍ വിമാനങ്ങളിലുമായാണ് ഇത്രയും വിനോദസഞ്ചാരികള്‍ കൊച്ചിയിലെത്തുന്നത്.

Ads By Google

2800 യാത്രക്കാരുമായെത്തുന്ന കപ്പലിലെ യാത്രക്കാര്‍ ഇന്നലെ കൊച്ചിയിലും ആലപ്പുഴ, കുമരകം തുടങ്ങിയ സമീപ വിനോദ സഞ്ചാരകേന്ദ്രങ്ങളിലും ചെലവഴിച്ചു.

ഇന്ന് നാല് ചാര്‍ട്ടര്‍ വിമാനങ്ങളിലും മറ്റു നിശ്ചിത സര്‍വീസുകളിലുമായി ജര്‍മനിയിലെ മ്യൂണിക്, ഡുസ്സല്‍ഡോര്‍ഫ്, ഫ്രാങ്ക്ഫുര്‍ട്ട് എന്നിവിടങ്ങളില്‍ നിന്നെത്തുന്ന 1150 സഞ്ചാരികള്‍ കൊച്ചിയില്‍ കറങ്ങിയ ശേഷം കപ്പലില്‍ മടങ്ങും.

കപ്പലിലെ യാത്രക്കാരില്‍ 1350 പേര്‍ കപ്പല്‍യാത്ര ഇവിടെ അവസാനിപ്പിച്ച് ഈ വിമാനങ്ങളില്‍ ജര്‍മനിയിലേക്ക് മടങ്ങുകയും ചെയ്യും. എയര്‍ ബെര്‍ലിന്‍, കോണ്ടോര്‍, ട്വിഫ്‌ളൈ എന്നീ വിമാന കമ്പനികളാണ് 950 യാത്രക്കാരുമായി നാല് ചാര്‍ട്ടര്‍ സര്‍വീസുകള്‍ നടത്തുന്നത്.

200 യാത്രക്കാര്‍ കൊച്ചിയിലേക്കുളള ഷെഡ്യൂള്‍ഡ് വിമാന സര്‍വീസുകളിലാണ് എത്തുക. മടക്കയാത്രയില്‍ കപ്പലിലെ 950 പേര്‍ ചാര്‍ട്ടര്‍ വിമാനങ്ങളിലും 400 പേര്‍ എമിറേറ്റ്‌സ്, ഖത്തര്‍ എയര്‍വേയ്‌സ്, എത്തിഹാദ് വിമാനങ്ങളിലുമായിരിക്കും മടങ്ങുക.

ജീവനക്കാരടക്കം മൂവായിരത്തിലേറെപ്പേര്‍ക്ക് സഞ്ചരിക്കാവുന്നതാണ് അത്യാഡംബരക്കപ്പലായ എയഡ് ഡിവ. ജര്‍മനിയില്‍നിന്ന് യാത്രയാരംഭിച്ച കപ്പല്‍ കൊച്ചിയിലെത്തിയത് മംഗലാപുരത്ത് നിന്നാണ്. കൊച്ചിയില്‍ നിന്നുള്ള മടക്കയാത്ര കൊളംബോ വഴിയും.

Advertisement