തിരുവനന്തപുരം: സ്‌കൈ സിറ്റി നടത്തിപ്പുകാരായ യെശോറാം ഡെവലപ്പേഴ്‌സിന് തീരദേശ അതോറിറ്റി രണ്ട് തവണ നോട്ടീസ് അയച്ചിട്ടും പ്രതികരിച്ചില്ല. പദ്ധതി നടപ്പാക്കുന്നതിന്റെ പാരിസ്ഥിതിക പ്രത്യാഘാതങ്ങള്‍ ചൂണ്ടികാണിച്ചാണ് സംസ്ഥാന തീരദേശ പരിപാലന അതോറിറ്റി യെശോറാം ഡെവലപ്പേഴ്‌സിന് കത്തയച്ചത്. പദ്ധതിയുമായി ബന്ധപ്പെട്ട് ഹിയറിംഗിന് ഹാജരാവാനും നോട്ടീസില്‍ നിര്‍ദേശിച്ചിരുന്നു.

മുഖ്യമന്ത്രിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ശാസ്ത്രസാങ്കേതിക പരിസ്ഥിതി വകുപ്പിന്റെ ഭാഗമാണ് തീരദേശ പരിപാലന അതോറിറ്റി. ഈ അതോറിറ്റിയുടെ എതിര്‍പ്പ് പരിഗണിക്കാതെയാണ് ആകാശനഗരം ( സ്‌കൈ സിറ്റി) പദ്ധതിക്ക് സര്‍ക്കാര്‍ അനുമതി നല്‍കിയത്.

2011 ഫെബ്രുവരിയില്‍ ചേര്‍ന്ന തീരദേശ പരിപാലന അതോറിറ്റി യോഗതീരുമാനമനുസരിച്ച് ചെയര്‍മാന്‍ സി.ടി.എസ് നായരാണ് യെശോറാം ഡെവലപ്പേഴ്‌സ് മാനേജിംഗ് ഡയറക്ടര്‍ക്ക് കത്തയച്ചത്. പദ്ധതിക്ക് അംഗീകാരം നല്‍കാന്‍ കഴിയില്ലെന്ന കാര്യം കത്തില്‍ അക്കമിട്ട് നിരത്തിയിട്ടുണ്ട്. പദ്ധതി പ്രദേശമാകെ കണ്ടല്‍ക്കാടും ചതുപ്പുനിലവുമാണ്. പദ്ധതി നടപ്പാക്കുന്ന ചിലവന്നൂര്‍ കായല്‍ വേമ്പനാട് കായലിന്റെ ഭാഗമാണ്. 2011ലെ തീരദേശ നിയന്ത്രണ മേഖലാ നിയമം അനുസരിച്ചാണ് ഈ മേഖലയെ അതീവ പാരിസ്ഥിതിക പ്രദേശമായി പ്രഖ്യാപിച്ചത്.

ആകാശ നഗരം പദ്ധതിക്ക് അനുമതി നിഷേധിച്ചുള്ള കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ ഉത്തരവ് അവഗണിച്ചുകൊണ്ടാണ് വ്യവസായവകുപ്പ് പദ്ധതിക്ക് അംഗീകാരം നല്‍കിയത്.  2007ല്‍ യശോറാം ഗ്രൂപ്പ് നല്‍കിയ അപേക്ഷയുടെ അടിസ്ഥാനത്തിലാണ് വ്യവസായവകുപ്പ് ഉപാധികളോടെ അനുമതി നല്‍കി ഉത്തരവിറക്കിയിട്ടുള്ളത്. ആകാശനഗരം പദ്ധതി ഗുരുതരമായ പാരിസ്ഥിതിക ആഘാതമുണ്ടാക്കുന്നതിനാല്‍ അനുവദിക്കാനാവില്ലെന്ന കാരണം കാണിച്ച് കമ്പനിയുടെ അപേക്ഷ 2007 ഡിസംബര്‍ 20ന് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം തള്ളിയതാണ്.

കേന്ദ്രം തള്ളിയ അതേ പദ്ധതിക്കാണ് വ്യവസായവകുപ്പ് ഇപ്പോള്‍ തത്വത്തില്‍ അംഗീകാരം നല്‍കിയിട്ടുള്ളത്. വ്യവസായ വകുപ്പിന്റെ നടപടി ഹൈക്കോടതിയില്‍ മുന്‍സര്‍ക്കാര്‍ സ്വീകരിച്ച നിലപാട് ദുര്‍ബലമാക്കുമെന്നും ആക്ഷേപമുണ്ട്. സംസ്ഥാന തീരദേശ മാനേജ്‌മെന്റ് അതോറിറ്റി കമ്പനിക്ക് നല്‍കിയ കാരണംകാണിക്കല്‍ നോട്ടീസില്‍ ഏഴ് കാര്യങ്ങളാണ് ചൂണ്ടിക്കാണിച്ചിട്ടുള്ളത്. ഇതില്‍ പ്രധാനമായ ഒന്ന് സംസ്ഥാനസര്‍ക്കാര്‍ ഇതിന് അനുമതി നല്‍കിയിട്ടില്ല എന്നതായിരുന്നു.

അതോറിറ്റി നടപടിക്കെതിരെ കമ്പനി നല്‍കിയ കേസ് ഹൈക്കോടതിയുടെ പരിഗണനയിലാണ്. ഇപ്പോള്‍ വ്യവസായവകുപ്പ് ഇറക്കിയ ഉത്തരവ് കോടതിയില്‍ അതോറിറ്റിയുടെ നിലപാട് ദുര്‍ബലമാക്കുമെന്നാണ് ആക്ഷേപമുള്ളത്. 467 കോടി രൂപ ചെലവുവരുന്ന പദ്ധതിയുടെ രൂപരേഖയ്‌ക്കൊപ്പം സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ അനുമതിപത്രവും ചേര്‍ത്താണ് കേന്ദ്രവനം പരിസ്ഥിതിമന്ത്രാലയത്തിന് കമ്പനി അധികൃതര്‍ അപേക്ഷ നല്‍കിയത്.

Malayalam News
Kerala News in English