തിരുവനന്തപുരം: ശ്രവണ വൈകല്യമുള്ള കുട്ടികള്‍ക്ക് സൗജന്യ ശസ്ത്രക്രിയ നല്‍കാമെന്ന സര്‍ക്കാര്‍ വാഗ്ദാനം പാലിച്ചില്ലെന്ന് ഗായകന്‍ കെ.ജെ. യേശുദാസ്.

പദ്ധതി പ്രാവര്‍ത്തികമാക്കാന്‍ കഴിയില്ലെങ്കില്‍ തുറന്നുപറയണമായിരുന്നുവെന്നും അദ്ദേഹം തിരുവനന്തപുരത്ത് പറഞ്ഞു. പട്ടം കൊട്ടാരത്തില്‍ ഉത്രാടംതിരുനാള്‍ മാര്‍ത്താണ്ഡവര്‍മയുടെ സാന്നിധ്യത്തില്‍ സംഘടിപ്പിച്ച സ്വീകരണച്ചടങ്ങില്‍ പങ്കെടുക്കുകയായിരുന്നു യേശുദാസ്.

Ads By Google

പദ്ധതി ചുവപ്പുനാടയില്‍ കുടുങ്ങില്ല എന്നാണ് കരുതിയത്. ശ്രവണവൈകല്യമുള്ള കുട്ടികളുടെ പ്രശ്‌നങ്ങള്‍ സര്‍ക്കാരിന്റെ ശ്രദ്ധയില്‍ പലതവണ കൊണ്ടുവന്നതാണ്.

പുതിയ സര്‍ക്കാര്‍ വന്നശേഷം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുമായി കൂടിക്കാഴ്ച നടത്തിയപ്പോഴാണ് സൗജന്യ ശസ്ത്രക്രിയയ്ക്ക് പദ്ധതി പ്രഖ്യാപിച്ചത്. പക്ഷേ തുടര്‍നടപടികള്‍ ഒന്നും ഉണ്ടായില്ല.

കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് ഇതിനായി രണ്ടുകോടിരൂപ അനുവദിച്ചെങ്കിലും നല്‍കിയില്ല. അതില്‍ വിഷമമുണ്ട്. സര്‍ക്കാര്‍ വാഗ്ദാനങ്ങള്‍ പാഴ്‌വാക്കാവരുതെന്നും യേശുദാസ് പറഞ്ഞു.