സന്‍ആ: സൈന്യം നടത്തുന്ന അതിക്രമങ്ങളില്‍ പ്രതിഷേധിച്ച് നൂറു കണക്കിനു സ്ത്രീകള്‍ യെമനിലെ തെരുവുകളില്‍ ശിരോവസ്ത്രം കത്തിച്ചു. പ്രസിഡന്റ് അലി അബ്ദുള്ള സ്വാലിഹിന്റെ സൈന്യം സ്ത്രീകള്‍ക്കെതിരെ നടത്തുന്ന അതിക്രമങ്ങളില്‍ പ്രതിഷേധിച്ചാണ് ഇത്തരത്തില്‍ പ്രതിഷേധം സംഘടിപ്പിച്ചത്. സന്‍ആയിലും തയേസിലും പട്ടാളം നടത്തിയ ആക്രമണത്തില്‍ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ 20 പേരാണ് കൊല്ലപ്പെട്ടത്.

യെമനില്‍ നടക്കുന്ന പ്രക്ഷോഭത്തില്‍ സ്ത്രീകള്‍ വഹിക്കുന്ന പങ്ക് വളരെ വലുതാണ്. ഈ വര്‍ഷത്തെ സമാധാനത്തിനുള്ള നൊബേല്‍ സമ്മാനം ലഭിച്ചത് യെമനിലെ അറിയപ്പെടുന്ന സാമൂഹ്യപ്രവര്‍ത്തകയും മാധ്യമപ്രവര്‍ത്തകയുമായ തവക്കുല്‍ കര്‍മാനായിരുന്നു. പ്രക്ഷോഭത്തിലെ സ്ത്രീ സാന്നിധ്യത്തിന് ഇത് ഊര്‍ജ്ജം പകര്‍ന്നു.

പ്രക്ഷോഭകരും പ്രസിഡന്റിന്റെ പക്ഷക്കാരും തമ്മിലുള്ള സംഘട്ടനങ്ങള്‍ രൂക്ഷമായി തുടരുന്നതിനിടെ അധികാരം ഒഴിയാന്‍ തയ്യാറെന്ന് പ്രസിഡന്റ് അലി അബ്ദുള്ള സ്വലിഹ് പ്രഖ്യാപിച്ചിരുന്നെങ്കിലും കസേരയില്‍ നിന്ന് ഇറങ്ങിയിരുന്നില്ല. ഈ വര്‍ഷാവസാനം തിരഞ്ഞെടുപ്പു നടത്താനും സ്വലിഹ് സമ്മതം അറിയിച്ചിട്ടുണ്ട്.

അലി അബ്ദുല്ല സാലിഹ് ഉടന്‍ അധികാരം ഒഴിയണമെന്നും ഈ വര്‍ഷാവസാനത്തിനുമുന്‍പ് തിരഞ്ഞെടുപ്പു നടത്തണമെന്നും യു.എസ് ആവശ്യപ്പെട്ടിരുന്നു. സൗദി അറേബ്യയില്‍ ചികിത്സ കഴിഞ്ഞ് സ്വാലിഹ് മടങ്ങിയെത്തിയ ശേഷം മാസങ്ങളായി രാജ്യത്ത് ഏറ്റുമുട്ടല്‍ ശക്തിപ്പെട്ടിരിക്കുകയാണ്.