സനാ: യെമനില്‍ 32 വര്‍ഷമായി ഭരണം നടത്തുന്ന അലി അബ്ദുള്ള സലേഹിയ്‌ക്കെതിരെ തലസ്ഥാനമായ സനായില്‍ പ്രക്ഷോഭം നയിച്ചവര്‍ക്കുനേരെ പോലീസ് വെടിവെപ്പ്. സംഭവത്തില്‍ ഒരാള്‍ മ­രി­ക്കു­കയും നൂറിലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. പരിക്കേറ്റവരില്‍ അഞ്ചു പേരുടെ നില ഗുരുതരമാണെന്ന് ആശുപത്രി വൃത്തങ്ങള്‍ വ്യക്തമാക്കി.

സനാ സര്‍വ്വകലാശാലയ്ക്കു സമീപം ക്യാമ്പ് ചെയ്തിട്ടുള്ള ആയിരക്കണക്കിന് പ്രക്ഷോഭകരെ പിന്തുണച്ച് സമരത്തില്‍ പങ്കുചേരാനെത്തിയവര്‍ക്കു നേരെ സിവിലിയന്‍മാരുടെ വേഷത്തിലെത്തിയ പോലീസും സുരക്ഷാ ഉദ്യോഗസ്ഥരുമാണ് വെടിയുതിര്‍ത്തതെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. പ്രക്ഷോഭകരില്‍ ഭൂരിപക്ഷവും വിദ്യാര്‍ത്ഥികളാണ്.

പ്രക്ഷോഭകര്‍ക്കു നേരെ പോലീസ് റബ്ബര്‍ ബുള്ളറ്റുകളും, കണ്ണീര്‍ വാതകവും പ്രയോഗിച്ചു. കൂടാതെ 20ഓളം പ്രക്ഷോഭകര്‍ക്ക് ഇലക്ട്രിട് സ്റ്റണ്‍ ഗണ്‍പ്രയോഗത്തില്‍ ഷോക്കേറ്റതായും റിപ്പോര്‍ട്ടുണ്ട്. ലോക വനിതാദിനത്തോടനുബന്ധിച്ച് ഇന്നലെ നടന്ന പ്രക്ഷോഭത്തില്‍ ആയിരക്കണക്കിന് സ്ത്രീകളും അണിചേര്‍ന്നിരുന്നു.

മൂന്ന് പതിറ്റാണ്ട് നീണ്ട സലേഹി ഭരണത്തിനെതിരെ പ്രതിപക്ഷം പൊതുഫോറമുണ്ടാക്കിയാണ് പ്രക്ഷോഭം നടത്തുന്നത്. അഴിമതി തുടച്ചുനീക്കുക, മെച്ചപ്പെട്ട ജീവിതസാഹചര്യം ഉറപ്പുവരുത്തുക, തൊഴിലവസരങ്ങള്‍ മെച്ചപ്പെടുത്തുക, തുല്യമായ ധനവിതരണം നടപ്പാക്കുക, എന്നിവയാണ് പ്രക്ഷോഭകരുടെ പ്രധാന ആവശ്യങ്ങള്‍. ടുണീഷ്യയിലും ഈജിപ്തിലുമുയര്‍ന്ന ജനകീയ പ്രക്ഷോഭത്തിന്റെ തുടര്‍ച്ച എന്ന നിലയിലാണ് യെമനിലേക്കും കലാപം പടര്‍ന്നത്.