സന്‍ആ: യമന്‍ പ്രസിഡന്റ് അലി അബ്ദുല്ല സ്വാലിഹ് പടിയിറങ്ങുന്നു. ദേശീയ ടെലിവിഷനിലൂടെ നടത്തിയ പ്രസംഗത്തില്‍ താന്‍ രാജിവെക്കുമെന്ന് അലി അബ്ദുള്ള സ്വാലിഹ് പ്രഖ്യാപിച്ചു. രാജി എന്നായിരിക്കും എന്ന് അറിയിച്ചിട്ടില്ല.

വരും ദിവസങ്ങളില്‍ താന്‍ അധികാരം ഒഴിയും എന്നു പറഞ്ഞു. എനിക്ക് അധികാര ദാഹമില്ല. അധികാരം ഞാന്‍ തള്ളിക്കളയുന്നു. സൈന്യത്തിലായാലും സിവിലിയന്മാരിലായാലും ഭരണം നടത്താന്‍ ആത്മാര്‍ത്ഥത ഉള്ളവര്‍ ഉണ്ട്-സ്വാലിഹ് പറഞ്ഞു.

Subscribe Us:

ഇതിനു മുമ്പും നിരവധി തവണ അബ്ദുല്ല സ്വാലിഹ് രാജി പ്രഖ്യാപനം നടത്തിയിട്ടുണ്ട്. ജനകീയ പ്രക്ഷോഭത്തിനു പുറമേ സൈന്യത്തിലെ ഒരു വിഭാഗം എതിരായതാണ് ഇപ്പോഴത്തെ രാജി പ്രഖ്യാപനത്തിന് പിന്നില്‍. സ്വാലിഹ് അധികാരത്തില്‍ കടിച്ചുതൂങ്ങില്ലെന്ന് യെമന്റെ ഡെപ്യൂട്ടി ഇന്‍ഫര്‍മേഷന്‍ മന്ത്രി ബി.ബി.സിയോടു പറഞ്ഞു.

അബ്ദുല്ല സ്വാലിഹ് രാജിവെക്കണമെന്നാവശ്യപ്പെട്ട് മാസങ്ങളായി യമനില്‍ രൂക്ഷമായ പ്രക്ഷോഭം തുടരുകയാണ്.