സനാ: സര്‍ക്കാരിനെതിരേ പ്രക്ഷോഭം രൂക്ഷമായതിനെ തുടര്‍ന്ന് യെമന്‍ പ്രസിഡന്റ് അലി അബ്ദുള്ള സലീഹ് സര്‍ക്കാരിനെ പിരിച്ചുവിടാന്‍ ഉത്തരവിട്ടു. സനാ നഗരത്തില്‍ വെള്ളിയാഴ്ച നടന്ന സര്‍ക്കാര്‍ വിരുദ്ധ പോരാട്ടത്തില്‍ 46 പ്രക്ഷോഭകര്‍ വെടിയേറ്റ് മരിച്ചിരുന്നു. തുടര്‍ന്ന് സര്‍ക്കാര്‍ അടിയന്തരാവസ്ഥയും പ്രഖ്യാപിച്ചു. ഈ സാഹചര്യത്തിലാണ് സര്‍ക്കാരിനെ പിരിച്ചുവിടാന്‍ പ്രസിഡന്റ് നടപടി സ്വീകരിച്ചത്.

നേരത്തെ പ്രക്ഷോഭകര്‍ക്കെതിരേ നടന്ന വെടിവെയ്പ്പില്‍ പ്രതിഷേധിച്ച് യുഎന്നിലെ യെമന്‍ സ്ഥാനപതി രാജിവെച്ചിരുന്നു. പുതിയ സര്‍ക്കാര്‍ അധികാരം ഏല്‍ക്കുന്നത് വരെ പ്രധാനമന്ത്രി അലി മുജവാറിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാരിനോട് തുടരാന്‍ പ്രസിഡന്റ് ആവശ്യപ്പെട്ടിട്ടുണ്ട്.

അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതിനു ശേഷം ദക്ഷിണ യെമനില്‍ സര്‍ക്കാര്‍വിരുദ്ധ പ്രക്ഷോഭകരുടെ ക്യാമ്പിനു നേരേ പോലീസ് നടത്തിയ ആക്രമണത്തില്‍ 13 പേര്‍ക്ക് പരിക്കേറ്റു.