Yemen on the warസന: ആഭ്യന്തരയുദ്ധത്തിലേക്കു നീങ്ങിക്കൊണ്ടിരിക്കുന്ന യെമനില്‍ പോരാട്ടം രൂക്ഷമായതോടെ ഇന്നലെ 18 പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. ഗോത്രവര്‍ഗ്ഗങ്ങളും സൈന്യവും തമ്മിലുള്ള പോരാട്ടത്തിലാണ് കൂട്ടക്കുരുതി. അബ്ദുള്ള സലേഹിയുടെ സൈന്യവും യെമനിലെ പ്രബല ഗോത്ര ഗോത്രവിഭാഗമായ ഹാഷിദിന്റെ പ്രവര്‍ത്തകരും തമ്മിലാണ് ഏറ്റുമുട്ടലുണ്ടായത്. ഇതോടെ ഒരാഴ്ചയ്ക്കിടെ പോരാട്ടത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 127 ആയി ഉയര്‍ന്നു.

വസലേഹി ഭരണകൂടത്തിനെതിരെ മാസങ്ങളായി നടന്നുവരുന്ന പ്രക്ഷോഭം കൂടുതല്‍ രൂക്ഷമാകുകയാണെന്ന് വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തു. ഒട്ടേറെപ്പേര്‍ തലസ്ഥാനത്തു നിന്നു പലായനം ചെയ്തു തുടങ്ങി. സനായിലെ രണ്ടു സൈനിക കേന്ദ്രങ്ങളുടെ നിയന്ത്രണം കൂടി ഗോത്രവിഭാഗം പിടിച്ചെടുത്തതായി ഗോത്രനേതാവ് ഹാഷിദ് ഷെയ്ഖ് അലി സെയ്ഫ് അവകാശപ്പെട്ടു.

അറേബ്യന്‍ രാഷ്ട്രങ്ങളില്‍ ഭരണകൂടങ്ങള്‍ക്കെതിരെയുള്ള സമരം കൂടുതല്‍ രക്തച്ചൊരിച്ചിലിലേക്ക് നീങ്ങുന്നത് ഇന്ത്യയടക്കമുള്ള രാഷ്ട്രങ്ങള്‍ ആശങ്കാകുലരാണ്. യെമനില്‍ ജോലിചെയ്യുന്ന ഇന്ത്യക്കാര്‍ നാട്ടിലേക്കു മടങ്ങണമെന്നു കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശിച്ചു. ഏകദേശം 11,000 ഇന്ത്യക്കാര്‍ യെമനില്‍ ജോലിചെയ്യുന്നുണ്ടെന്നാണു കണക്കുകള്‍ പറയുന്നത്.