ബാംഗ്ലൂര്‍: കര്‍ണാടക മുഖ്യമന്ത്രി ബി.എസ് യെദ്യൂരപ്പ രാജി വെച്ചു. രാജിക്കത്ത് ബിജെപി അധ്യക്ഷന്‍ നിതിന്‍ ഗഡ്കരിയ്ക്ക്് അയച്ചതായി അദ്ദേഹം പറഞ്ഞു. പാര്‍ട്ടി തീരുമാനത്തെ അനുസരിക്കുന്നുവെന്ന് രാജിക്കത്ത് അയച്ച ശേഷം യെദ്യൂരപ്പ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ബാംഗ്ലൂരിലെ വസതിയില്‍ ഇന്ന് ചേര്‍ന്ന യോഗത്തിനുശേഷമാണ് രാജി വെയ്ക്കാനുള്ള തന്റെ തീരുമാനം അദ്ദേഹം അറിയിച്ചത്.

ഏറെ നേരത്തെ അനിശ്ചിതത്വത്തിനും രാഷ്ട്രീയ ഉപചാപങ്ങള്‍ക്കുമൊടുവിലാണ് യെദ്യൂരപ്പ രാജിക്ക് വഴങ്ങിയത്. ഉടന്‍ രാജി വെച്ചൊഴിയാന്‍ രാവിലെതന്നെ പാര്‍ട്ടി ദേശീയ നേതൃത്വം ആവശ്യപ്പെട്ടിരുന്നെങ്കിലും യെദ്യൂരപ്പ രാജി നീട്ടിക്കൊണ്ടുപോകുകയായിരുന്നു. നേതൃത്വത്തിന്റെ ആവശ്യം അംഗീകരിക്കാതെ എം.എല്‍.എമാരുടെ പിന്തുണ നേടാന്‍ യെദ്യൂരപ്പ ശ്രമിച്ചെങ്കിലും പരാജയപ്പെടുകയായിരുന്നു. എം.എല്‍.എമാരുള്‍പ്പടെ പാര്‍ട്ടി നേതൃനിരയില്‍നിന്ന് 33 പേര്‍മാത്രമേ യെദ്യൂരപ്പ വിളിച്ചുചേര്‍ത്ത യോഗത്തില്‍ പങ്കെടുത്തുള്ളു. ഇവരില്‍തന്നെ 12 പേരുടെ പിന്തുണ മാത്രമാണ് യെദ്യൂരപ്പയ്ക്ക് ലഭിച്ചത്. രാഷ്ട്രീയ സാഹചര്യം തനിക്കനുകൂലമല്ലെന്ന് ബോധ്യപ്പെട്ട യെദ്യൂരപ്പ രാജി സമര്‍പ്പിക്കുകയായിരുന്നു.

അഴിമതിയുമായി ബന്ധപ്പെട്ട് ലോകായുക്ത സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ യെദ്യൂരപ്പയുടെ പേര് പരാമര്‍ശിക്കപ്പട്ടതാണ്് അദ്ദേഹത്തിന്റെ രാജിക്ക് സമ്മര്‍ദ്ദമേറാനിടയാക്കിയത്. അതേസമയം പുതിയ നേതാവിനെ തീരുമാനിക്കുന്ന കാര്യത്തില്‍ ഇതുവരെ തീരുമാനമായിട്ടില്ല. ഇതു സംബന്ധിച്ച ചര്‍ച്ചയ്ക്കായി രാജ്‌നാഥ് സിംഗും അരുണ്‍ ജെയ്റ്റ്‌ലിയും നാളെ ബാംഗ്ലൂരിലെത്തും.
പിന്‍ഗാമിയെ തിരഞ്ഞെടുക്കാനുള്ള അവകാശം യെദ്യൂരപ്പയ്ക്ക് നല്‍കിക്കൊണ്ട് സുഗമമായ അധികാരക്കൈമാറ്റമാണ് ബി.ജെ.പി നേതൃത്വം ആഗ്രഹിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.