ബാംഗ്ലൂര്‍: കര്‍ണാടകയിലെ ഭൂമിവിവാദവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിസ്ഥാനം രാജിവെക്കില്ലെന്ന് ബി എസ് യദ്യൂരപ്പ പറഞ്ഞു. തന്റെ നിരപരാധിത്വം തെളിയിക്കുമെന്നും യെദ്യൂരപ്പ വ്യക്തമാക്കി. അതിനിടെ ബി ജെ പി കോര്‍കമ്മറ്റി യോഗം ദല്‍ഹിയില്‍ ആരംഭിച്ചിട്ടുണ്ട്.

ഭൂമിവിവാദത്തെക്കുറിച്ച് മുന്‍ സുപ്രീംകോടതി ജഡ്ജിയെക്കൊണ്ട് അന്വേഷണം നടത്തുമെന്ന് യെദ്യൂരപ്പ വ്യക്തമാക്കിയിട്ടുണ്ട്. തനിക്കെതിരേ ജെ ഡി എസ് നടത്തുന്ന ഗൂഡനീക്കത്തെ തള്ളിപ്പറഞ്ഞ അദ്ദേഹം ദേവഗൗഡയും മകന്‍ കുമാരസ്വാമിയും നടത്തിയ അഴിമതിയും അന്വേഷണത്തിന്റെ പരിധിയില്‍പെടുത്തുമെന്ന് പറഞ്ഞു.

അതിനിടെ ഭൂമികൈമാറ്റവുമായി ബന്ധപ്പെട്ട എല്ലാ രേഖകളുമായി യെദ്യൂരപ്പ തിങ്കളാഴ്ച്ച ദല്‍ഹിയില്‍ ബി ജെ പി നേതാക്കളെ കാണാനായി തിരിക്കും. ശതകോടികളുടെ അഴിമതിയില്‍ കുളിച്ചുനില്‍ക്കുന്ന യു പി എ സര്‍ക്കാര്‍ അത് മറച്ചുവെക്കാനാണ് കര്‍ണാടക സര്‍ക്കാറിനെ ലക്ഷ്യംവയ്ക്കുന്നതെന്ന് യെദ്യൂരപ്പ ആരോപിച്ചു.