ബാംഗ്ലൂര്‍: കര്‍ണാടകയില്‍ നേതൃമാറ്റത്തിന്റെ ആവശ്യമില്ലെന്ന് സംസ്ഥാന വിദ്യാഭ്യാസമന്ത്രി വി എസ് ആചാര്യ വ്യക്തമാക്കി. ബി ജെ പി അധ്യക്ഷന്‍ നിതിന്‍ ഗാഡ്കരിയുമായി നടത്തിയ ചര്‍ച്ചക്കുശേഷം സംസാരിക്കുകയായിരുന്നു ആചാര്യ.

യെദ്യൂരപ്പയോട് രാജിവയ്ക്കാന്‍ കേന്ദ്രനേതൃത്വം ആവശ്യപ്പെട്ടിട്ടില്ല. കര്‍ണാടകയിലെ നേതൃമാറ്റം അജണ്ടയിലില്ലെന്നും യെദ്യൂരപ്പ വൈകീട്ട് ദല്‍ഹിയിലെത്തുമെന്നും ആചാര്യ പറഞ്ഞു.

അതിനിടെ ഭൂമിവിവാദത്തില്‍പെട്ട കര്‍ണാടക മുഖ്യമന്ത്രി ബി.എസ് യദ്യൂരപ്പയോട് രാജിവയ്ക്കാന്‍ ബി.ജെ.പി നേതൃത്വം ആവശ്യപ്പെട്ടതായി റിപ്പോര്‍ട്ടുണ്ട്. . എന്നാല്‍ രാജിവയ്ക്കുന്ന പ്രശ്‌നമില്ലെന്ന കടുത്ത നിലപാടിലാണ് യദ്യൂരപ്പ.

ഞായറാഴ്ച ഡല്‍ഹിയില്‍ ചേര്‍ന്ന പാര്‍ട്ടി നേതൃയോഗമാണ് യദ്യൂരപ്പയോട് രാജി ആവശ്യപ്പെടാന്‍ തീരുമാനിച്ചത്. രാജി ചോദിച്ചു വാങ്ങാന്‍ പാര്‍ട്ടി അധ്യക്ഷന്‍ നിതിന്‍ ഗഡ്കരിയെ യോഗം ചുമതലപ്പെടുത്തി.
തിങ്കളാഴ്ച രാവിലെ ഡല്‍ഹിയില്‍ എത്തുന്ന യദ്യൂരപ്പയോട് പാര്‍ലമെന്റ് ചേരുന്നതിനുമുന്‍പ് രാജി ആവശ്യപ്പെടാനാണ് പാര്‍ട്ടി തീരുമാനം.

എന്നാല്‍ രാജിവയ്ക്കില്ലെന്ന നിലപാടില്‍ യദ്യൂരപ്പ ഉറച്ചുനില്‍ക്കുകയാണ്. തനിക്ക് 120 എം.എല്‍ മാരുടെ പിന്‍തുണയുണ്ടെന്ന് പറഞ്ഞ് പാര്‍ട്ടി തീരുമാനത്തെ പ്രതിരോധിക്കാനുള്ള ശ്രമമാണ് യദ്യൂരപ്പ നടത്തുന്നത്.