ന്യൂഡല്‍ഹി: ഭൂമി തട്ടിപ്പ് വിവാദത്തില്‍ കുടങ്ങിയ കര്‍ണാടക മുഖ്യമന്ത്രി ബി എസ് യദ്യൂരപ്പയെ  തല്‍ക്കാലം പടിയിറക്കി വിടേണ്ടതില്ലെന്ന് ബിജെപി നേതൃത്വം. പാര്‍ട്ടി അദ്ധ്യക്ഷന്‍ നിതിന്‍ ഗഡ്കരിയുടെ വീട്ടില്‍ ഇന്നലെ ചേര്‍ന്ന ഉന്നത നേതാക്കളുടെ യോഗത്തിലാണ് ഇതു സംബന്ധിച്ച തീരുമാനമായത്. യദ്യൂരപ്പയെ അനുകൂലിച്ചും എതിര്‍ത്തും ചര്‍ച്ചകള്‍ തുടരവേയാണ് തീരുമാനം നീട്ടവച്ചത്.

ഇന്നലെ രാത്രിയില്‍ ചേര്‍ന്ന യോഗം അര്‍ദ്ധരാത്രിയും കഴിഞ്ഞാണ് അവസാനിച്ചത്. കര്‍ണാടകത്തില്‍ നിന്നുള്ള നിരവധി നേതാക്കള്‍, ദേശീയ നേതാക്കളായ സുഷമാ സ്വരാജ്, അരുണ്‍ ജെയ്റ്റ്‌ലി, രാജ്‌നാഥ് സിംഗ് തുടങ്ങിയവര്‍ യോഗത്തില്‍ സംബന്ധിച്ചു.ഇതിന്റെ തുടര്‍ച്ചയായി ഇന്നു രാവിലെ ഗഡ്കരിയും യദിയൂരപ്പയും തമ്മില്‍ ചര്‍ച്ച നടത്തിയിരുന്നു.

സമാനമായ വിവാദത്തില്‍പ്പെട്ട കോണ്‍ഗ്രസുകാരനായ മഹാരാഷ്ട്ര മുഖ്യമന്ത്രി അശോക് ചവാന്‍ രാജിവച്ചിരുന്നു. അതേ മാതൃക യദ്യൂരപ്പയും കാട്ടണമെന്ന് അദ്ദേഹത്തെ എതിര്‍ക്കുന്നവര്‍ വാദിച്ചു. എന്നാല്‍, യദ്യൂരപ്പയുടെ മക്കള്‍ ഭൂമി മടക്കി നല്കിയതിനാല്‍ രാജി വേണ്ടെന്നായിരുന്നു അദ്ദേഹത്തെ അനുകൂലിക്കുന്നവരുടെ നിലപാട്.