കര്‍ണാടക മുഖ്യമന്ത്രി യെദ്യൂരപ്പ വീണ്ടും ആരോപണങ്ങളുടെ നിഴലില്‍. മകന്‍ അംഗമായുള്ള പ്രതീക്ഷ വിദ്യാഭ്യാസ ട്രസ്റ്റിനെതിരേയാണ് അഴിമതിയാരോപണം ഉയര്‍ന്നിരിക്കുന്നത്. എന്നാല്‍ ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണെന്നും ദേവഗൗഡയുടേയും കുമാരസ്വാമിയുടേയും കളികളാണ് ഇതിന് പിന്നിലെന്നും യെദ്യൂരപ്പ ആരോപിച്ചു.

‘ മകനെതിരേ ഉയര്‍ന്നിരിക്കുന്ന ആരോപണങ്ങള്‍ അടിസ്ഥാനമില്ലാത്തതാണ്. കുമാരസ്വാമിയാണ് ഇത്തരം ആരോപണങ്ങള്‍ക്ക് പിന്നില്‍. മുഖ്യമന്ത്രിയായിരുന്ന കാലത്ത് അദ്ദേഹം ഒരുപാട് അഴിമതി നടത്തിയിട്ടുണ്ട്. അതിന്റെ കുറ്റപത്രം ഇപ്പോള്‍ തയ്യാറായിക്കൊണ്ടിരിക്കുകയാണ്. ഇതില്‍ നിന്നും ശ്രദ്ധതിരിക്കാനാണ് പുതിയ നീക്കം’

‘വിദ്യാഭ്യാസ വിദഗ്ധരാണ് പ്രേരണ വിദ്യാഭ്യാസ ട്രസ്റ്റില്‍ അംഗങ്ങളായിട്ടുള്ളത്. ട്രസ്റ്റിന്റെ പ്രവര്‍ത്തനം സുതാര്യമാണ്. ട്രസ്റ്റിന്റെ പ്രവര്‍ത്തനങ്ങളില്‍ അഴിമതിയൊന്നും നടന്നിട്ടില്ല. ദേവഗൗഡയ്ക്കും കുമാരസ്വാമിക്കുമെതിരേ നിയമനടപടികളുമായി മുന്നോട്ടുപോവുകയാണ് സര്‍ക്കാര്‍. ഷിമോഗയിലെ പ്രേരണ എഡ്യൂക്കേഷന്‍ ട്രസ്റ്റ് പൂര്‍ണമായും സ്വതന്ത്രസ്ഥാപനമാണ്. വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ മാത്രമാണ് ട്രസ്റ്റ് കൈകാര്യം ചെയ്യുന്നത്. ആരോപണങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ക്കായല്ല ഞാന്‍ ദല്‍ഹിയിലെത്തിയത്’