എഡിറ്റര്‍
എഡിറ്റര്‍
ബി.ജെ.പി യിലേക്ക് ഇനി തന്റെ തിരിച്ചുവരവുണ്ടാകില്ല: യെഡിയൂരപ്പ
എഡിറ്റര്‍
Friday 16th November 2012 9:05am

ബാംഗ്ലൂര്‍: ബി.ജെ.പിയിലേക്ക് ഇനി തന്റെ തിരിച്ചുപോക്കുണ്ടാവില്ലെന്ന് കര്‍ണാടക മുന്‍ മുഖ്യമന്ത്രി ബി.എസ് യെഡിയൂരപ്പ.

ബി.ജെ.പിയില്‍ താന്‍ പ്രവര്‍ത്തിച്ചിരുന്നു. ആ പാര്‍ട്ടിയെ അങ്ങേയറ്റം ബഹുമാനിച്ചിരുന്നു. എന്നാല്‍ ഇന്ന് സാഹചര്യം മാറി. ബി.ജെ.പിയിലേക്ക് തിരിച്ച് ചെല്ലേണ്ടെന്നാണ് തന്റെ നിലപാടെന്നും യെഡിയൂരപ്പ പറഞ്ഞു.

Ads By Google

കര്‍ണാടക ജനത പാര്‍ട്ടിയെന്ന പ്രദേശിക പാര്‍ട്ടി ഡിസംബര്‍ 9ന് പ്രഖ്യാപിക്കും. ഇതിനു മുന്നോടിയായി ഈ മാസം അവസാനം ബി.ജെ.പി പാര്‍ട്ടി പ്രാഥമിക അംഗത്വവും എം.എല്‍.എ സ്ഥാനവും രാജിവയ്ക്കാനാണ് തീരുമാനിച്ചിരിക്കുന്നതെന്നും യെഡിയൂരപ്പ പറഞ്ഞു.

ഭൂമികുംഭകോണ കേസില്‍പെട്ട് മുഖ്യമന്ത്രി പദം നഷ്ടമായ യെഡിയൂരപ്പ ബി.ജെ.പിയുമായി അകന്ന് നില്‍ക്കുകയായിരുന്നു.

എന്നാല്‍ ബി.ജെ.പി വിടാന്‍ ഉറച്ച് നില്‍ക്കുന്ന കര്‍ണാടക മുന്‍ മുഖ്യമന്ത്രി ബി.എസ് യെഡിയൂരപ്പയെ അനുനയിപ്പിക്കാന്‍ കേന്ദ്ര നേതൃത്വം നടപടി തുടങ്ങിയിരുന്നു

പ്രശ്‌നപരിഹാരത്തിന് കേന്ദ്ര നേതാക്കളായ അരുണ്‍ ജയ്റ്റ്‌ലിയേയും ധര്‍മ്മേന്ദ്ര പ്രധാനേയുമായിരുന്നു നിതിന്‍ ഗഡ്കരി ചുമതലപ്പെടുത്തിയത്.

യെഡിയൂരപ്പയെ പാര്‍ട്ടിക്ക് ആവശ്യമാണെന്നും ഉപാധികളില്ലാതെ അദ്ദേഹം തുടരണമെന്നും കേന്ദ്രനേതാക്കള്‍ നിര്‍ദേശിച്ചതായാണ് വിവരം. അനുരഞ്ജന ചര്‍ച്ചകള്‍ക്കായി ബി.എസ് യെഡിയൂരപ്പയെ കേന്ദ്ര നേതൃത്വം ഡല്‍ഹിയിലേക്ക് ക്ഷണിക്കുമെന്നും സൂചനയുണ്ട്.

പാര്‍ട്ടി പ്രസിഡന്റ് പദവിയും നല്‍കി അടുത്ത തിരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി ആക്കണമെന്നാണ് യെഡിയൂരപ്പയുടെ ആവശ്യം. ഇതിനോട് നേതൃത്വം പ്രതികരിച്ചിട്ടില്ല.

അതിനിടെ ഔദ്യോഗിക പദവികള്‍ ദുരുപയോഗപ്പെടുത്തി ഭൂമി വാങ്ങാന്‍ അവസരമുണ്ടാക്കിയെന്നാരോപിച്ച് സി.ബി.ഐ ഇദേഹത്തിനെതിരെ കുറ്റപത്രം സമര്‍പ്പിച്ചിരിക്കുകയാണ്.

പൊതുമേഖലാ സ്ഥാപനമായ മൈസൂര്‍ മിനറല്‍സും ജിന്‍ഡാല്‍ ഗ്രൂപ്പും 2006ലും 2010ലും അനധികൃതമായി ഉണ്ടാക്കിയ കരാര്‍ പ്രകാരം സംസ്ഥാന ഖജനാവിന് 890 കോടി രൂപയുടെ നഷ്ടമുണ്ടായതിന് സി.ബി.ഐക്ക് പ്രത്യക്ഷ തെളിവ് ലഭിച്ചിരുന്നു.

അനധികൃത ഖനനത്തെക്കുറിച്ച്‌ ലോകായുക്ത ജസ്റ്റിസ് സന്തോഷ് ഹെഗ്‌ഡെ സമര്‍പ്പിച്ച അന്തിമ റിപ്പോര്‍ട്ടിലും ജിന്‍ഡാലുമായുള്ള യെഡിയൂരപ്പയുടെ ബന്ധത്തെക്കുറിച്ച്‌ പരാമര്‍ശിച്ചിരുന്നു. തുടര്‍ന്നു കഴിഞ്ഞ വര്‍ഷം ജൂലൈ 31നാണ് യെഡിയൂരപ്പയ്ക്ക് മുഖ്യമന്ത്രിപദം രാജി വയ്‌ക്കേണ്ടി വന്നത്.

Advertisement