ബാംഗ്‌ളൂര്‍: കര്‍ണാടകത്തിലെ ബെല്ലാരിയില്‍ നടക്കുന്ന അനധികൃത ഖനനത്തെക്കുറിച്ച് അന്വേഷിക്കുന്ന ലോകായുക്തയുടെ റിപ്പോര്‍ട്ടില്‍ മുഖ്യമന്ത്രി ബി.എസ്. യെദിയൂരപ്പയുടെ പേരും. യദ്യൂരപ്പയ്ക്കു പുറമേ അദ്ദേഹത്തിന്റെ മകനും മരുമകനും ഇതില്‍ പങ്കുള്ളതായി റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ചിട്ടുണ്ട്.

ഇവര്‍ക്ക് പുറമേ ബെല്ലാരിയിലെ റെഡ്ഡി സഹോദരന്‍മാര്‍ ഉള്‍പ്പെടെ നാലുമന്ത്രിമാരുടെയും മുന്‍ മുഖ്യമന്ത്രിയും ജനതാദള്‍ നേതാവുമായ എച്ച്.ഡി. കുമാരസ്വാമിയുടെയും രാജ്യസഭാംഗം അനില്‍ ലാഡ് ഉള്‍പ്പെടെയുള്ള ചില കോണ്‍ഗ്രസ് നേതാക്കളുടെയും പേരുകളും റിപ്പോര്‍ട്ടിലുണ്ട്.

യദ്യൂരപ്പയുടെ കുടുംബത്തിന്റെ പേരിലുള്ള ട്രസ്റ്റില്‍ ഖനന കമ്പനികള്‍ 10കോടി രൂപ നിക്ഷേപിച്ചതായി കണ്ടെത്തിയിട്ടുണ്ടെന്ന് ലോകായുക്ത ജസ്റ്റിസ് സന്തോഷ് ഹെഗ്‌ഡെ പറഞ്ഞു. റിപ്പോര്‍ട്ട് നാളെ ചീഫ് സെക്രട്ടറിയ്ക്ക് സമര്‍പ്പിക്കും.

യദ്യൂരപ്പയുടെ മുഖ്യമന്ത്രിസ്ഥാനത്തിനു വലിയ വെല്ലുവിളിയാകും ലോകായുക്തയുടെ ഈ റിപ്പോര്‍ട്ട്. ഭൂമി വിവാദം ഉള്‍പ്പെടെ നിരവധി അഴിമതി കേസുകളും ആരോപണങ്ങളും ഇപ്പോള്‍ത്തന്നെ യെദിയൂരപ്പയ്ക്ക് എതിരെ ഉണ്ട്.

ചില ബി.ജെ.പി നേതാക്കള്‍ തന്നെ വന്നു കണ്ട് യെദിയൂരപ്പയുടെ പേര് റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തരുതെന്ന് ആവശ്യപ്പെട്ടിരുന്നതായി ജസ്റ്റിസ് ഹെഗ്‌ഡെ ഈയിടെ ആരോപിച്ചിരുന്നു. ബി.ജെ.പി അത് നിഷേധിച്ചിട്ടുണ്ട്.

അനധികൃത ഖനനം തടയാന്‍ സംസ്ഥാന സര്‍ക്കാരിന് ഇച്ഛാശക്തി ഇല്ലെന്നു രണ്ടുദിവസം മുമ്പ് ഒരു ടെലിവിഷന്‍ ഇന്റര്‍വ്യൂവിലും ഹെഗ്‌ഡെ പറഞ്ഞിരുന്നു. അനധികൃത ഖനനത്തിലൂടെ സംസ്ഥാന ഖജനാവിന് 700 കോടിയുടെ നഷ്ടം ഉണ്ടായിട്ടുണ്ടെന്ന് നേരത്തേ ഒരു റിപ്പോര്‍ട്ടില്‍ അദ്ദേഹം വ്യക്തമാക്കിയിരുന്നു.
അഴിമതിക്കെതിരെ കര്‍ശന നിലപാടെടുക്കുന്ന ജസ്റ്റിസ് സന്തോഷ് ഹെഗ്‌ഡെ ലോക്പാല്‍ സമിതിയിലെ ജനപക്ഷ അംഗം കൂടിയാണ്.