ബംഗളൂരു: കേന്ദ്ര സര്‍ക്കാരിന്റെ ഭരണം വന്‍ പരാജയമാണെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷന്‍ യെദ്യൂരപ്പയുടെ വാര്‍ത്താസമ്മേളനം അമ്പരപ്പുളവാക്കി. അമിത് ഷായുടെ സന്ദര്‍ശനത്തെ തുടര്‍ന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷന്‍ യെദ്യൂരപ്പ ഇന്ന് വിളിച്ച വാര്‍ത്താ സമ്മേളനത്തിലാണ് യെദ്യൂരപ്പയുടെ കേന്ദ്ര ഭരണത്തിനെതിരായ രൂക്ഷ വിമര്‍ശനം. സംസ്ഥാനത്ത് ക്രമസമാധാന നില തകര്‍ന്നിരിക്കുകയാണെന്നും കേന്ദ്രസര്‍ക്കാര്‍ ഭരണത്തിന്റ പരാജയമാണിതെന്നുമായിരുന്നു യെദ്യൂരപ്പ പറഞ്ഞത്.

കേന്ദ്രസര്‍ക്കാരിനെതിരെ സംസ്ഥാന ബി.ജെ.പി അദ്ധ്യക്ഷന്‍ ആഞ്ഞടിക്കുന്നത് കേട്ട് മാധ്യമ പ്രവര്‍ത്തകര്‍ ഒന്നടങ്കം അമ്പരന്നിരുന്നു. യെദ്യൂരപ്പക്ക് നാക്കു പിഴച്ചു എന്ന് മനസ്സിലാക്കിയ സംസ്ഥാന ബി.ജെ.പി നേതാക്കള്‍ യെദ്യൂരപ്പയെ ഇത് ബോധ്യപ്പെടുത്തി ഉടനെ തന്നെ വിമര്‍ശനം സിദ്ധാരാമയ്യ സര്‍ക്കാരിലേക്ക് അദ്ദേഹം മാറ്റി.


Also Read ഗോരഖ്പൂര്‍ ദുരന്തം: ആശുപത്രി സന്ദര്‍ശനത്തിനെത്തിയ യോഗി ആദിത്യനാഥിന്റെ വാഹനവ്യൂഹം വിദ്യാര്‍ത്ഥികള്‍ തടഞ്ഞു നിര്‍ത്തി വീഡിയോ കാണാം


എന്നാല്‍ നാക്കു പിഴ അവിടെ അവസാനിച്ചില്ല. ബി.ജെ.പിയുടെദേശീയ അദ്ധ്യക്ഷന്‍ അമിത് ഷാക്കും ഇതേ നാക്ക് പിഴ സംഭവിച്ചു. ഉച്ചക്ക് ശേഷം അമിത്ഷാ വിളിച്ച വാര്‍ത്താ സമ്മേളനത്തില്‍

സംസ്ഥാനത്തെ യെദ്യൂരപ്പയുടെ ഭരണം മോശമാണെന്നും കേന്ദ്രം നിരവധി പദ്ധതികള്‍ക്കായി കോടികളുടെ ഫണ്ട് അനുവദിച്ചിട്ടും യെദ്യൂരപ്പ സര്‍ക്കാര്‍ ഇത് പാഴാക്കുകയാണെന്നും അമിത് ഷാ പറഞ്ഞു. പിന്നിട് തെറ്റു മനസ്സിലാക്കിയ അമിത് ഷാ താന്‍ കുറേ നേരം യെദ്യൂരപ്പയുടെ കൂടെ ഉണ്ടായിരുന്നതിനാലാണ് നാക്കു പിഴ വന്നതെന്നും പറഞ്ഞു. അദ്യ അമ്പരന്നെങ്കിലും ഇത് മാധ്യമ പ്രവര്‍ത്തകരിലാകെ ചിരിയുണര്‍ത്തി.