ബാംഗ്ലൂര്‍: ഭൂമി തട്ടിപ്പു കേസില്‍ അറസ്റ്റിലായ കര്‍ണാടക മുന്‍ മുഖ്യമന്ത്രി ബി.എസ്. യെദിയൂരപ്പയുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഒക്ടോബര്‍ 20 ലേക്ക് മാറ്റി. യെദ്യൂരപ്പയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചതിനെ തുടര്‍ന്ന് അദ്ദേഹത്തെ ജയിലിലേക്ക് തന്നെ അയക്കാനും കോടതി ഉത്തരവിട്ടു.

ഇന്നലെയാണ് യെദിയൂരപ്പയ്ക്കായി കര്‍ണാടക ഹൈക്കോടതിയില്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചത്. ബിജെപിക്കുവേണ്ടി ഹാജരായ അഭിഭാഷകര്‍ യെദിയൂരപ്പയ്ക്കായി ഇടക്കാല ജാമ്യത്തിനുള്‍പ്പെടെ രണ്ട് ജാമ്യാപേക്ഷയാണ് സമര്‍പ്പിച്ചത്.

ശനിയാഴ്ച അറസ്റ്റിലായ യെദ്യൂരപ്പ ഏതാനും മണിക്കൂറുകള്‍ മാത്രമാണ് ജയിലില്‍ കഴിഞ്ഞത്. ശനിയാഴ്ച കീഴടങ്ങിയ യെഡിയൂരപ്പയെ അര്‍ധരാത്രിക്കു ശേഷം 1.40നു ജയദേവ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് കാര്‍ഡിയോളജിയിലേക്കു മാറ്റിയിരുന്നു. തീവ്രപരിചരണ വിഭാഗത്തില്‍ അദ്ദേഹം 48 മണിക്കൂര്‍ നിരീക്ഷണത്തിലായിരുന്നു. അദ്ദേഹത്തിന് കാര്യമായ കുഴപ്പങ്ങളിലൊന്നുമില്ലെന്ന് ഡോക്ടര്‍മാര്‍ പിന്നീട് അറിയിക്കുകയായിരുന്നു. അതിനാല്‍ ഇന്ന് അദ്ദേഹത്തെ ജയിലിലേക്ക് മാറ്റും. ഒക്ടോബര്‍ 22 വരെയാണ് യെദ്യൂരപ്പയെ റിമാന്‍ഡ് ചെയ്തിരിക്കുന്നത്.