ബാഗ്ലൂര്‍: ഭൂമി കുംഭകോണ കേസുമായി ബന്ധപ്പെട്ട് ശനിയാഴ്ച അറസ്റ്റിലായ കര്‍ണാടക മുന്‍ മുഖ്യമന്ത്രി ബി.എസ്.യെദിയൂരപ്പയെ നെഞ്ചുവേദനയെത്തുടര്‍ന്ന് ആശുപത്രിയിലേക്ക് മാറ്റി. ജയിലില്‍ രാത്രി മൂന്ന് തവണ ഛര്‍ദിച്ചതിനെ തുടര്‍ന്ന ശനിയാഴ്ച രാത്രി ഒന്നരയോടെയാണ് യെദ്യൂരപ്പയെ ബാംഗളൂരിലെ ജയദേവ് ആശുപത്രിയിലെ ഐസിയുവില്‍ പ്രവേശിപ്പിച്ചത്. ആരോഗ്യ നിലയില്‍ ആശങ്കപ്പെടാന്‍ ഒന്നുമില്ലെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചിട്ടുണ്ട്.

ഭൂമി തട്ടിപ്പുകേസില്‍ മുന്‍കൂര്‍ ജാമ്യം നിഷേധിച്ചതിനെ തുടര്‍ന്നാണ് ശനിയാഴ്ചയാണ് യെദിയൂരപ്പ പ്രത്യേക ലോകായുക്ത കോടതിയില്‍ കീഴടങ്ങിയത്. തുടര്‍ന്ന് അറസ്റ്റ് രേഖപ്പെടുത്തിയ ഇദ്ദേഹത്തെ കോടതി ഈ മാസം 22വരെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ട ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. തുടര്‍ന്ന് അദ്ദേഹത്തെ ബാംഗളൂര്‍ പരപ്പന അഗ്രഹാര സെന്‍ട്രല്‍ ജയിലില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ജാമ്യം നിഷേധിച്ച കോടതി വിധിക്കെതിരെ തിങ്കളാഴ്ച യെദിയൂരപ്പ കര്‍ണാടക ഹൈക്കോടതിയെ സമീപിച്ചേക്കും.

Subscribe Us:

ഗെദ്ദനഹള്ളി, ദേവരാച്ചിക്കനഹള്ളി എന്നിവടങ്ങളില്‍ സര്‍ക്കാര്‍ ഭൂമി യെദ്യൂരപ്പയുടെ അടുത്ത ബന്ധുക്കള്‍ക്കായി പതിച്ചു നല്‍കിയതും ഉത്തരഹള്ളി, ആഗ്ര ഗ്രാമങ്ങളിലും നടന്ന ഭൂമി കൈമാറ്റവുമാണ് കേസുകള്‍. ബാംഗ്ലൂര്‍ ഡവലപ്‌മെന്റ് അതോറിറ്റിയുടെ സ്ഥലം ഏറ്റെടുത്ത വിജ്ഞാപനം യെദിയൂരപ്പ റദ്ദാക്കിയതിനെ തുടര്‍ന്ന് സര്‍ക്കാരിന് കോടിക്കണക്കിനു രൂപയുടെ നഷ്ടമുണ്ടായിരുന്നു. അഭിഭാഷകരായ സിരാജിന്‍ ബാഷ, എന്‍.കെ.ബലരാജ് എന്നിവരാണ് യെദിയൂരപ്പയ്‌ക്കെതിരെ ലോകായുക്തയെ സമീപിച്ചത്. അഴിമതി ആരോപണത്തെത്തുടര്‍ന്ന് ജൂലൈയിലാണ് യെദിയൂരപ്പ കര്‍ണാടക മുഖ്യമന്ത്രിസ്ഥാനം രാജിവെച്ചത്.