ബാംഗ്ലൂര്‍: രാജിക്കു സന്നദ്ധനല്ലെന്നും രണ്ടു വര്‍ഷം കൂടി അധികാരത്തില്‍ തുടരുമെന്നും കര്‍ണാടക മുഖ്യമന്ത്രി ബി. എസ്. യദ്യൂരപ്പ. മൗറീഷ്യസില്‍ നിന്ന് ഒരാഴ്ചത്തെ അവധിയാഘോഷം കഴിഞ്ഞു തിരികെ എത്തിയ അദ്ദേഹം വിമാനത്താവളത്തില്‍ മാധ്യമപ്രവര്‍ത്തകരോടു സംസാരിക്കുകയായിരുന്നു. രാജി വാര്‍ത്ത പ്രതീക്ഷിക്കുന്ന പ്രതിപക്ഷം നിരാശരാകേണ്ടി വരുമെന്നും യദ്യൂരപ്പ കൂട്ടിച്ചേര്‍ത്തു.

ലോകായുക്ത റിപ്പോര്‍ട്ട് ഇതുവരെ സര്‍ക്കാരിന് ലഭിച്ചിട്ടില്ല. അതിനുശേഷം വേണ്ട നടപടികളെടുക്കും.

ലോകായുക്ത ജസ്റ്റിസ് എന്‍. സന്തോഷ് ഹെഗ്‌ഡെയോട് ആദരവുണ്ട്. അദ്ദേഹത്തിന്റെ റിപ്പോര്‍ട്ടിനായി എല്ലാവരും ആകാംക്ഷയോടെ കാത്തിരിക്കുന്നു. റിപ്പോര്‍ട്ട് ലഭിച്ച ഉടന്‍ കര്‍ണാടകയിലെ ആറു കോടി ജനങ്ങളോടു സര്‍ക്കാരിന്റെ പ്രതികരണം വ്യക്തമാക്കുമെന്നും യദ്യൂരപ്പ

ഫോണ്‍ ചോര്‍ത്തല്‍ സംബന്ധിച്ച് ആശങ്കയുണ്ട്. ഫോണ്‍ ചോര്‍ത്തിയതായി ഉറപ്പുണ്ടായിരുന്നുവെങ്കില്‍ ഹെഗ്‌ഡേ ഇക്കാര്യം കേന്ദ്ര സര്‍ക്കാരിനെ അറിയിക്കണമായിരുന്നു. ഫോണ്‍ ചോര്‍ത്തല്‍ അന്വേഷിക്കാന്‍ പ്രത്യേക സംഘത്തെ അയക്കാന്‍ പ്രധാനമന്ത്രിയോട് ആവശ്യപ്പെടുമെന്നും യദ്യൂരപ്പ അറിയിച്ചു.

അതേസമയം, അനധികൃത ഖനനം സംബന്ധിച്ച അന്തിമ റിപ്പോര്‍ട്ട് ബുധനാഴ്ച സര്‍ക്കാരിന് സമര്‍പ്പിക്കുമെന്നു കര്‍ണാടക ലോകായുക്ത ജസ്റ്റിസ് എന്‍. സന്തോഷ് ഹെഡ്‌ഗെ അറിയിച്ചു.