എഡിറ്റര്‍
എഡിറ്റര്‍
മുഖ്യമന്ത്രി സ്ഥാനം തിരിച്ചുപിടിക്കാന്‍ ശ്രമിക്കുന്ന യദ്യൂരപ്പയ്ക്ക് തിരിച്ചടി: ഖനി അഴിമതിക്കേസില്‍ സി.ബി.ഐ അന്വേഷണത്തിന് ഉത്തരവ്
എഡിറ്റര്‍
Friday 11th May 2012 1:06pm

ബാംഗ്ലൂര്‍: ഖനി അഴിമതിക്കേസില്‍ കര്‍ണാടക മുന്‍ മുഖ്യമന്ത്രി ബി.എസ് യദ്യൂരപ്പയ്‌ക്കെതിരെ സി.ബി.ഐ അന്വേഷണത്തിന് സുപ്രീംകോടതി ഉത്തരവിട്ടു. യദ്യൂരപ്പയ്‌ക്കെതിരെ പ്രത്യക്ഷത്തില്‍ തന്നെ തെളിവുണ്ടെന്ന് കോടതി നിരീക്ഷിച്ചു. അന്വേഷണം പൂര്‍ത്തിയാക്കി ആഗസ്റ്റ് 3നുള്ളില്‍ റിപ്പോര്‍ട്ട് നല്‍കാനും സി.ബി.ഐയ്ക്ക് സുപ്രീംകോടതി നിര്‍ദേശം നല്‍കി.

ഉത്തരവ് പുറത്തുവന്നയുടന്‍ യദ്യൂരപ്പ സുപ്രീംകോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി. സുപ്രീംകോടതി ഉത്തരവ് വന്നതോടെ നിലവില്‍ യദ്യൂരപ്പയ്‌ക്കെതിരെ നടക്കുന്ന എല്ലാ അന്വേഷണവും നിര്‍ത്തിവെച്ചു. സി.ബി.ഐ അന്വേഷണം മാത്രമാണ് ഇനി നടക്കുക.

കേന്ദ്രഉന്നതാധികാര സമിതിയ്ക്ക് മുന്നില്‍ വന്ന ഒരു പൊതുതാല്‍പര്യ ഹരജിയില്‍ ഉന്നതാധികാര സമിതിയാണ് സി.ബി.ഐ അന്വേഷണത്തിന് ശുപാര്‍ശ ചെയ്തത്. സമിതിയുടെ ആവശ്യം പരിഗണിച്ച സുപ്രീംകോടതി സി.ബി.ഐ അന്വേഷണത്തിന് ഉത്തരവിടുകയായിരുന്നു.

കോടതി ഉത്തരവിനെ മാനിക്കുന്നതായും സി.ബി.ഐ അന്വേഷണത്തിലൂടെ തനിക്ക് മേലുള്ള ആരോപണങ്ങള്‍ കഴുകി കളഞ്ഞശേഷം തിരിച്ചെത്തുമെന്നും യദ്യൂരപ്പ പ്രതികരിച്ചു.

കര്‍ണാടകയില്‍ ഖനികള്‍ അനുവദിച്ചതില്‍ ക്രമക്കേട് നടന്നുവെന്ന് കാട്ടി സമാജ് പരിവര്‍ത്തന സമുദാള്‍ എന്ന സംഘടനയാണ് ഹരജി സമര്‍പ്പിച്ചത്. ഹരജിക്കാര്‍ക്ക് വേണ്ടി പ്രമുഖ അഭിഭാഷകനായ പ്രശാന്ത് ഭൂഷണ്‍ ഹാജരായി. ചീഫ് ജസ്റ്റിസ് എസ്.എച്ച് കപാഡിയ അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് കേസ് പരിഗണിച്ചത്.

ജെ.എസ്.ഡബ്ലൂ സ്റ്റീല്‍ ലിമിറ്റഡില്‍ നിന്നും 5 കോടി രൂപ കൈപ്പറ്റി കര്‍ണാടകയിലെ ചിത്രദുര്‍ഗാ ടുംകര്‍ ജില്ലയിലെ ഖനനം നടത്താന്‍ ലൈസന്‍സ് അനുവദിച്ചുവെന്നതാണ് യദ്യൂരപ്പയ്‌ക്കെതിരെയുള്ള ആരോപണം. യദ്യൂരപ്പയ്‌ക്കെതിരെയുള്ള ആരോപണങ്ങള്‍ കൂടാതെ അദ്ദേഹത്തില്‍ നിന്നും സഹായങ്ങള്‍ കൈപ്പറ്റിയ ജെ.എസ്.ഡബ്ലൂ സ്റ്റീല്‍ ലിമിറ്റഡിനെയും അദാനി ഗ്രൂപ്പിനെയും കുറിച്ച് സി.ബി.ഐ അന്വേഷിക്കും.

കമ്പനി തെറ്റായി ഒന്നും ചെയ്തിട്ടില്ലെന്നും സി.ബി.ഐയുമായി പൂര്‍ണമായി സഹകരിക്കുമെന്നും ജെ.എസ്.ഡബ്ല്യൂ സ്റ്റീല്‍ ലിമിറ്റഡ് അറിയിച്ചു.

മുഖ്യമന്ത്രി സ്ഥാനത്തേക്ക് തിരിച്ചെത്താന്‍ ദേശീയ നേതൃത്വത്തിന് മുന്നില്‍ സമ്മര്‍ദ്ദം ചെലുത്തുന്ന യദ്യൂരപ്പയ്ക്ക് കനത്ത തിരിച്ചടിയാണ് കോടതി ഉത്തരവ്. നേരത്തെ സുപ്രീംകോടതി നിയോഗിച്ച ഉന്നതാധികാര സമിതി യദ്യൂരപ്പയ്‌ക്കെതിരെ സി.ബി.ഐ അന്വേഷണത്തിന് ശുപാര്‍ശ ചെയ്തിരുന്നു.

Advertisement