പൊളിറ്റിക്കല്‍ ഡെസ്‌ക്

സംസ്ഥാന നേതൃത്വത്തിന്റെ കടുംപിടുത്തത്തിന് മുമ്പില്‍ സര്‍വ്വാംഗം നമസ്‌കരിച്ച ബി ജെ പി നേതൃത്വം ഈവര്‍ഷത്തെ രാഷ്ട്രീയനാടകത്തിലെ അവിശ്വസനീയമായ കാഴ്ച്ചയായിരുന്നു. അഴിമതിയുടെ കറപുരളാത്ത ‘വേറിട്ടൊരു പാര്‍ട്ടി’ എന്ന ലേബലുള്ള താമരപ്പാര്‍ട്ടിക്ക് കുറച്ചൊന്നുമല്ല കര്‍ണാടകത്തിലെ യെദ്യൂരപ്പ തലവേദന സൃഷ്ടിച്ചത്.

ഖനനവിവാദവും അനധികൃത സ്വത്തുസമ്പാദനവും സംസ്ഥാനത്തിനായി ഏറ്റെടുത്ത ഭൂമി മക്കള്‍ക്ക് കൈമാറലും തുടങ്ങി എല്ലാ അഴിമതിയും യെദ്യൂരപ്പ നടത്തി. ഒടുവില്‍ ഇപ്പോള്‍ പുറത്താകും എന്നുകരുതി കാത്തിരുന്ന എതിരാളികള്‍ക്കു മുന്നിലേക്ക് പാല്‍പ്പുഞ്ചിരിയോടെ യെദ്യൂരപ്പ വീണ്ടുമെത്തി. അധികാരം നഷ്ടമായുള്ള വരവായിരുന്നില്ല അത്, വാളോങ്ങിനിന്ന കേന്ദ്ര നേതൃത്വത്തിനെ പാട്ടിലാക്കി മുഖ്യമന്ത്രിസ്ഥാനം അരക്കെട്ടുറപ്പിച്ചുള്ള വരവായിരുന്നു അത്.

പാര്‍ട്ടിയുടെ കടുത്ത അനുയായികള്‍ക്ക് പോലും ആ കാഴ്ച്ച വിശ്വസിക്കാനായില്ല. എന്താണ് യെദ്യൂരപ്പയ്ക്ക് അനുകൂലമായി തീരുമാനമെുടക്കാന്‍ താമരപ്പാര്‍ട്ടിയുടെ കേന്ദ്രനേതൃത്വത്തെ പ്രേരിപ്പിച്ചത് എന്നത് എത്ര ആലോചിച്ചിട്ടും രാഷ്ട്രീയ വിദഗ്ധര്‍ക്ക് മനസിലായില്ല. ഒടുവില്‍ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ബി കെ ഹരിപ്രസാദിനുതന്നെ രംഗത്തെത്തേണ്ടി വന്നു.

നാഗ്പൂരില്‍ ബി ജെ പി ദേശീയപ്രസിഡന്റ് നിതിന്‍ ഗാഡ്ക്കരിയുടെ മകന്റെ ആര്‍ഭാടവിവാഹം ‘സ്‌പോണ്‍സര്‍’ ചെയ്തത് ഗഡാക്കരിയാണെന്നും ഇതിനുള്ള ഉപകാരസ്മരണയായിട്ടാണ് ഏറെ സമ്മര്‍ദ്ദമുണ്ടായിട്ടും യെദ്യൂരപ്പയെ മുഖ്യമന്ത്രിസ്ഥാനത്തു നിന്നും നീക്കാഞ്ഞതെന്നുമാണ് ഹരിപ്രസാദ് ആരോപിച്ചിരിക്കുന്നത്.


ഒരു ദേശീയപത്രത്തിന് നിതിന്‍ ഗാഡ്ക്കരി നല്‍കിയ അഭിമുഖത്തിനുള്ള പ്രതികരണമായാണ് ഹരിപ്രസാദ് ആരോപണങ്ങളുടെ കെട്ടഴിച്ചിരിക്കുന്നത്. നിതിന്‍ ഗാഡ്ക്കരിയുടെ മകന്റ വിവാഹത്തിനുള്ള ചെലവെല്ലാം കര്‍ണാടകത്തില്‍ നിന്നും നേരിട്ടെത്തിയതായിരുന്നുവെന്നും ഇതിനുള്ള ഉപകാരമായിട്ടാണ് യെദ്യൂരപ്പയെ മുഖ്യമന്ത്രി സ്ഥാനത്തുനിന്നും നീക്കേണ്ട എന്ന തീരുമാനമെടുത്തതെന്നുമുള്ള ഹരിപ്രസാദിന്റെ ആരോപണം ഇതിനകം തന്നെ വിവാദമായിട്ടുണ്ട്.