ബാംഗ്ലൂര്‍: കര്‍ണാടക മുന്‍ മുഖ്യമന്ത്രി ബി.എസ് യദ്യൂരപ്പയ്‌ക്കെതിരെ ലോകായുക്തയുടെ കുറ്റപത്രം. അനധികൃത ഖനനവുമായി ബന്ധപ്പെട്ട കേസിലാണ് യദ്യൂരപ്പക്കും കുടുംബത്തിനുമെതിരെ കേസെടുത്തത്.

യദ്യൂരപ്പയ്ക്കു പുറമേ അദ്ദേഹത്തിന്റെ മകന്‍ ബി.വൈ രാഘവേന്ദ്ര, എം.പി ബി.വൈ വിജേന്ദ്ര, മരുമകന്‍ ആര്‍.എന്‍. സോഹന്‍ കുമാര്‍ തുടങ്ങിയവര്‍ക്കെതിരെ വിവിധ വകുപ്പുകളിലായി കേസെടുത്തിട്ടുണ്ട്.

സൗത്ത് വെസ്റ്റ് ഖനന കമ്പനിയില്‍ നിന്നും യദ്യൂരപ്പയുടെ കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള ട്രസ്റ്റ് 10 കോടി രൂപ കൈക്കൂലി വാങ്ങിയെന്ന് ലോകായുക്തയുടെ അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. ഇതിനു പുറമേ ഖനന കമ്പനിക്ക് സ്ഥലം കൈമാറിയതുമായി ബന്ധപ്പെട്ട് 20 കോടി രൂപ കൈപ്പറ്റിയെന്നും ആരോപണമുണ്ട്.

ഇതുസംബന്ധിച്ച് ജൂലൈ 27ന് ലോകായുക്ത സന്തോഷ് ഹെഡ്‌ഗെ റിപ്പോര്‍ട്ട് സമര്‍പ്പിച്ചതിനെ തുടര്‍ന്നാണ് യദ്യൂരപ്പക്ക് രാജിവെക്കേണ്ടി വന്നത്. ആഗസ്റ്റ് 20ന് കേസുമായി മുന്നോട്ടുപോകാന്‍ ലോകായുക്ത ശിവരാജ് പാട്ടീല്‍ ലോകായുക്ത പോലീസിന് നിര്‍ദേശം നല്‍കുകയായിരുന്നു. ഇതുപ്രകാരമാണ് ഇപ്പോള്‍ എഫ്.ഐ.ആര്‍ സമര്‍പ്പിച്ചിരിക്കുന്നത്.