ബാംഗ്ലൂര്‍: അനധികൃത ഭൂമി ഇടപാടു കേസില്‍ അറസ്റ്റിലായ കര്‍ണാടക മുന്‍ മുഖ്യമന്ത്രി ബി.എസ്. യദ്യൂരപ്പയെ ആശുപത്രിയില്‍ നിന്നും ജയിലിലേക്ക് മാറ്റി. ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ഞായറാഴ്ച പുലര്‍ച്ചെയാണ് യദ്യൂരപ്പയെ ജയദേവ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് കാര്‍ഡിയോളജിയിലേക്ക് മാറ്റിയത്. എന്നാല്‍ ഹൃദയത്തിന്റെ പ്രവര്‍ത്തനത്തില്‍ തകരാറില്ലെന്നു കണ്ടെത്തിയതിനെ തുടര്‍ന്ന് ഇന്നലെ വൈകിട്ടു ജയദേവ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് കാര്‍ഡിയോളജിയില്‍ നിന്നു ഡിസ്ചാര്‍ജ് ചെയ്ത യെഡിയൂരപ്പയെ ഗവ. വിക്‌ടോറിയ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഇന്ന് അവിടെ നിന്നും ഡിസ്ചാര്‍ജ് ചെയ്ത സാഹചര്യത്തിലാണ് അദ്ദേഹം വീണ്ടും പാരപ്പന അഗ്രഹാര സെന്‍ട്രല്‍ ജയിലിലായത്.

ഭൂമി ഡിനോട്ടിഫിക്കേഷന്‍ കേസില്‍ ജാമ്യം നിഷേധിച്ച ലോകായുക്ത കോടതി ഉത്തരവിനെ ചോദ്യം ചെയ്ത് യദ്യൂരപ്പ സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി നാളെ പരിഗണിക്കും. വിവിധ പദ്ധതികള്‍ക്കായി സര്‍ക്കാര്‍ ഏറ്റെടുത്ത ഭൂമിയുടെ ഏറ്റെടുക്കല്‍ വിജ്ഞാപനം റദ്ദാക്കി സ്വകാര്യ വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും കൈമാറിയതു വഴി കോടിക്കണക്കിനു രൂപയുടെ അഴിമതിക്കു കൂട്ടുനിന്നുവെന്നതാണ് യെഡിയൂരപ്പയ്‌ക്കെതിരായ കേസ്.