ന്യൂദല്‍ഹി: അനധികൃത ഖനന കേസിലെ ലോകായുക്ത റിപ്പോര്‍ട്ടിനെത്തുടര്‍ന്ന് രാജിവെച്ച കര്‍ണ്ണാടകയിലെ ബി.ജെ.പി മുന്‍ മുഖ്യമന്ത്രി ബി.എസ് യെദിയൂരപ്പ് വീണ്ടും മുഖ്യമന്ത്രി പദത്തിലേക്ക്. ഇതുസംബന്ധിച്ച് കേന്ദ്ര നേതൃത്വവുമായി ചര്‍ച്ച നടത്താന്‍ അദ്ദേഹം ദല്‍ഹിയിലെത്തി.

കേന്ദ്ര നേതൃത്വവുമായി ഇടഞ്ഞു നില്‍ക്കുന്ന യെദിയൂരപ്പ കഴിഞ്ഞ കുറേ ആഴ്ചകളായി മുഖ്യമന്ത്രി പദത്തിലേക്ക് തിരിച്ചു വരാനുള്ള നീക്കങ്ങളിലായിരുന്നു. ഉഡുപ്പി ചിക്കമംഗ്ലൂര്‍ ലോക്‌സഭാ സീറ്റിലെ പരാജയം വേഗത്തില്‍ തീരുമാനമെടുക്കാന്‍ യെദിയൂരപ്പ നേതൃത്വത്തിന് കരുത്തായി. മുഖ്യമന്ത്രിയാകാന്‍ ഡി.വി.സദാനന്ദ ഗൗഡ രാജിവച്ചതിനെ തുടര്‍ന്ന് ഉപതിരഞ്ഞെടുപ്പ് നടന്ന ഇവിടെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി കെ. ജയപ്രകാശ് ഹെഗ്‌ഡെ 45,724 വോട്ടിന് ബി.ജെ.പി.യുടെ വി. സുനില്‍കുമാറിനെ പരാജയപ്പെടുത്തുകയായിരുന്നു. ബി.ജെ.പി സ്ഥാനാര്‍ഥിയുടെ തോല്‍വിക്ക് പിന്നില്‍ യെദിയൂരപ്പ വിഭാഗത്തിനും പങ്കുണ്ടെന്നാണ് കരുതുന്നത്.

യെദിയൂരപ്പയെ പിന്തുണയ്ക്കുന്ന 65 അംഗങ്ങളുടെ പിന്തുണയില്ലാതെ ബി.ജെ.പി സ്ഥാനാര്‍ഥികള്‍ക്ക് വിജയിക്കാനാകില്ല. കഴിഞ്ഞ ദിവസം യെദിയൂരപ്പ അനുയായികളായ എം.എല്‍ എമാര്‍ നിയമസഭാ സമ്മേളനത്തില്‍ നിന്ന് വിട്ടു നിന്നിരുന്നു. സദാനന്ദ ഗൗഡയെ മാറ്റി മുഖ്യമന്ത്രി പദം കൈമാറാന്‍ യെദിയൂരപ്പ അനുവദിച്ച 48 മണിക്കൂര്‍ സമയം ഇന്നലെ അവസാനിച്ചിരുന്നു. ഗൗഡയെ മാറ്റി നേതൃത്വം കൈമാറിയില്ലെങ്കില്‍ യെദിയൂരപ്പ അനുകൂലികളായ 59 എം.എല്‍.എമാരും 13 എം.പിമാരും രാജിവച്ച് പ്രതിസന്ധി സൃഷ്ടിക്കുമെന്ന നിലപാടിലാണ്.

കര്‍ണ്ണാടകയില്‍ നിന്നുള്ള രാജ്യസഭാ സീറ്റുകളിലേക്ക് നടക്കുന്ന തിരഞ്ഞെടുപ്പും മുന്നില്‍ കണ്ടാണ് യെദിയൂരപ്പയുടെ നീക്കം. യെദിയൂരപ്പ അനുയായികളായ എം.എല്‍.എമാരുടെ പിന്തുണയില്ലെങ്കില്‍ ബി.ജെ.പി സ്ഥാനാര്‍ഥികളെ വിജയിപ്പിക്കാനാവില്ല എന്ന അവസ്ഥയാണ്.

Malayalam news

Kerala news in English