ന്യൂദല്‍ഹി: നോട്ട് നിരോധനത്തിലെ നരേന്ദ്രമോദി സര്‍ക്കാരിന്റെ തള്ളുകള്‍ പൊളിച്ച് ആര്‍.ബി.ഐ വാര്‍ഷിക റിപ്പോര്‍ട്ട് പുറത്തു വന്നിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ ബി.ജെ.പിയേയും മോദിയേയും ഒരു വാക്കു പോലും പറയാതെ സൈലന്റ് ട്രോളിലൂടെ വിമര്‍ശിക്കുകയാണ് മുതിര്‍ന്ന സി.പി.ഐ.എം നേതാവായ സീതാറാം യെച്ചൂരി.

നോട്ട് നിരോധനത്തെ തുടര്‍ന്ന രാജ്യത്ത് നിരവധി പേര്‍ മരിക്കുകയും പ്രതിഷേധങ്ങള്‍ ഉയരുകയും ചെയ്തതിനു പിന്നാലെ മോദി നടത്തിയ പ്രസംഗത്തിന്റെ പത്രക്കട്ടിംഗുകള്‍ പോസ്റ്റ് ചെയ്താണ് യെച്ചൂരിയുടെ പ്രതികരണം. ഫെയ്‌സ്ബുക്കിലൂടെയായിരുന്നു അദ്ദേഹം പ്രതികരിച്ചത്.

നോട്ട് നിരോധനത്തിനെതിരെ ശബ്ദമുയര്‍ന്നപ്പോള്‍ വികാരാതീതനായിട്ടായിരുന്നു മോദിയുടെ പ്രതികരണം. എനിക്ക് അമ്പത് ദിവസത്തെ സമയം തരൂ. രാജ്യത്തെ കള്ളപ്പണം മുഴുവന്‍ ഇല്ലാതാക്കാം അല്ലെങ്കില്‍ നിങ്ങള്‍ക്കെന്നെ ചുട്ടുകൊല്ലാം എന്നായിരുന്നു മോദി അന്ന് പൊട്ടിക്കരഞ്ഞു കൊണ്ട് പറഞ്ഞത്. പിന്നീട് പലവട്ടം നോട്ട് നിരോധനത്തെ കുറിച്ച് വികാരഭരിതമായി മോദി പ്രതികരിച്ചിരുന്നു.


Also Read:  വാദം പൊളിയുന്നു, പിടിച്ചെടുത്തത് 1000 രൂപയുടെ രണ്ടരലക്ഷം കോടി കള്ളപ്പണം മാത്രം; നോട്ടുനിരോധനത്തിന്റെ കണക്കുകള്‍ പുറത്തുവിട്ട് റിസര്‍വ് ബാങ്ക്


ഇതിനെ വീണ്ടും ഓര്‍മ്മപ്പെടുത്തിയിരിക്കുകയാണ് യെച്ചൂരി. അസാധുവാക്കിയ 1000,500 നോട്ടുകളില്‍ 90 ശതമാനവും തിരിച്ചെത്തിയെന്നാണ് ആര്‍.ബി.ഐയുടെ വാര്‍ഷിക വരുമാനറിപ്പോര്‍ട്ടില്‍ പറയുന്നത്. നോട്ടു നിരോധനത്തിനുശേഷം ഇതാദ്യമായാണ് റിസര്‍വ് ബാങ്ക് ഇതിന്റെ കണക്കുകള്‍ പുറത്തുവിടുന്നത്.

കഴിഞ്ഞ വര്‍ഷം നവംബര്‍ 8 നായിരുന്നു രാജ്യത്തെ 1000,500 രൂപയുടെ കറന്‍സികള്‍ നിരോധിച്ചത്. രാജ്യത്തെ കള്ളപ്പണം പിടിച്ചെടുക്കാനും ഭീകരവാദം തടയാനുമാണ് നിരോധനമെന്നാണ് രാജ്യത്തെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞത്.

എന്നാല്‍ നോട്ടുനിരോധനകാലത്ത് 1000 രൂപയുടെ രണ്ടര ലക്ഷം കോടി കള്ളപ്പണം മാത്രമാണ് പിടിച്ചെടുത്തതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. 1000 രൂപയുടെ ആകെ നോട്ടുകളില്‍ കണ്ടെത്തിയത് 0.0007 ശതമാനമാണ് തിരിച്ചെത്തിയത്. പുതിയ നോട്ടടിക്കാന്‍ 7965 കോടി രൂപയാണ് ചെലവായത്.

പിന്‍വലിച്ച 1000 രൂപയുടെ 6.7 ലക്ഷം കോടി രൂപയില്‍ 8900 കോടി രൂപ മാത്രമാണ് ഇനിയും തിരിച്ചുവരാത്തതുള്ളത്. അതായത് 1000 രൂപ കറന്‍സിയുടെ 99 ശതമാനവും തിരിച്ചെത്തിയെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. 15.4 ലക്ഷം കോടി രൂപയുടെ കറന്‍സിയാണ് രാജ്യത്ത് പൊടുന്നനെ പിന്‍വലിച്ചത്. പിന്നീട് 2000 രൂപയുടെ കറന്‍സി റിസര്‍വ് ബാങ്ക് പുറത്തിറക്കി.