Administrator
Administrator
ജനപ്രതിനിധിയായിരുന്നെങ്കില്‍ പിണറായി രാജിവെച്ചേനെ: യെച്ചൂരി
Administrator
Thursday 10th March 2011 3:21pm

ന്യൂദല്‍ഹി: ലാവലിന്‍ കേസില്‍ പാര്‍ട്ടിയുടെ മുന്‍നിലപാടില്‍ മാറ്റമില്ലെന്ന് പി.ബി അംഗം സീതാറാം യെച്ചൂരി. തിരഞ്ഞെടുക്കപ്പെട്ട ഭരണഘടനാ പദവിയിലിരിക്കെയാണ് പിണറായി വിജയന്‍ പ്രോസിക്യൂഷന്‍ നടപടി നേരിടുന്നതെങ്കില്‍ അദ്ദേഹം രാജിവെക്കേണ്ടി വരുമായിരുന്നു. എന്നാല്‍ അദ്ദേഹം ഇപ്പോള്‍ പാര്‍ട്ടി സെക്രട്ടറി മാത്രമാണ്. പാര്‍ട്ടി സെക്രട്ടറി രാജിവെക്കേണ്ട സാഹചര്യമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

പശ്ചിമ ബംഗാളില്‍ ബുദ്ധദേവ് മത്സരിക്കണമെന്ന കാര്യം പാര്‍ട്ടി നേരത്തെ തീരുമാനിച്ചതാണ്. കേരളത്തില്‍ ആര് നയിക്കണമെന്ന കാര്യം തീരുമാനിച്ചുവരികയാണ്. ലാവലിന്‍ വിഷയത്തില്‍ ഇപ്പോള്‍ തീരുമാനം മാറ്റേണ്ട അവസ്ഥയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം പിണറായി വിജയന്റെ സ്ഥാനാര്‍ഥിത്വവുമായി ബന്ധപ്പെട്ട് യെച്ചൂരിയുടെ പ്രസ്താവനയെ വളരെ പ്രാധാന്യത്തോടെയാണ് കാണുന്നത്. പിണറായി ജനപ്രതിനിധിയാണെങ്കില്‍ രാജിവെക്കേണ്ടി വരുമായിരുന്നുവെന്നതിന്റെ അര്‍ത്ഥം കേസ് നിലവിലിരിക്കെ അദ്ദേഹത്തിന് തിരഞ്ഞെടുപ്പില്‍ മത്സരിച്ച് ജനപ്രതിനിധിയാകാന്‍ കഴിയില്ലെന്ന് കൂടിയാണ്.

2009 ഫെബ്രുവരി 13,14 തീയ്യതികളില്‍ കൂടിയ പോളിറ്റ് ബ്യൂറോ യോഗത്തിലാണ് ലാവലിന്‍ കേസ് സംബന്ധിച്ച് ഈ നിലപാട് പാര്‍ട്ടി കൈക്കൊണ്ടത്. ഫെബ്രുവരി 14ന് ഇറക്കിയ പാര്‍ട്ടി കമ്മ്യൂണിക്കയില്‍ ഇക്കാര്യം വ്യക്തമാക്കുന്നുമുണ്ട്. ഈ നിലപാടില്‍ മാറ്റമില്ലെന്നാണ് യെച്ചൂരി ഇന്ന് വ്യക്തമാക്കിയത്.

പാര്‍ട്ടി സ്ഥാനാര്‍ഥികളുടെ പട്ടിക തീരുമാനിക്കുന്നത് സംബന്ധിച്ച് 14 ജില്ലകളിലും പാര്‍ട്ടി കമ്മിറ്റി ചേരുന്നത് ഇന്നാണ്. കണ്ണൂര്‍ ജില്ലയില്‍ നിന്നും ധര്‍മ്മടത്ത് നിന്ന് പിണറായി വിജയന്‍ സ്ഥാനാര്‍ഥിയാകണമെന്ന് ചിലര്‍ ആവശ്യപ്പെടുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇതിനിടെയാണ് യെച്ചൂരിയുടെ പ്രസ്താവന വന്നത്.

Advertisement