എഡിറ്റര്‍
എഡിറ്റര്‍
തൊഴിലാളിയും ബൂര്‍ഷ്വാസിയും മുഖാമുഖം നിന്ന വര്‍ഷം
എഡിറ്റര്‍
Monday 13th January 2014 4:14pm

കുത്തകകളുടെ ലാഭം തേടിയുള്ള ആര്‍ത്തിപിടിച്ച നെട്ടോട്ടത്തിന് നടുവില്‍ പണിയെടുക്കുന്നവരുടെ അവകാശങ്ങളാകെ ചവിട്ടിമെതിക്കപ്പെടുകയാണ്. കൂടുതല്‍ കൂടുതല്‍ അക്രമാസക്തവും ഹിംസാത്മകവുമായി തീരുന്ന മുതലാളിത്തത്തിന് അതിന്റെ സാമ്രാജ്യത്വ സ്വഭാവം പഴയതുപോലെ മറച്ചുവെക്കാനാവുന്നില്ല. അതിന്റെ സഹജമായ മനുഷ്യത്വരാഹിത്വം പ്രകടിപ്പിക്കാതിരിക്കാനാവുന്നില്ല.


2013“സമൂഹമാകെത്തന്നെ രണ്ട് ഗംഭീര ശത്രു പാളയങ്ങളായി, പരസ്പരം നേരിട്ട് അഭിമുഖമായി നില്‍ക്കുന്ന രണ്ട് വലിയ വര്‍ഗങ്ങളായി, കൂടുതല്‍ കൂടുതല്‍ പിളര്‍ന്ന് കൊണ്ടിരിക്കുകയാണ്; ബൂര്‍ഷ്വാസിയും തൊഴിലാളി വര്‍ഗവുമാണവ.” -കമ്യൂണിസ്റ്റ് മാനിഫെസ്റ്റോ

line

എസ്സേയ്‌സ്/ ഏ.കെ രമേശ്

line

മറ്റേത് കാലത്തേക്കാളും ഈ ഗംഭീര ശത്രുപാളയങ്ങള്‍ തമ്മിലുള്ള മുഖാമുഖ ഏറ്റുമുട്ടലിന് സാക്ഷ്യം വഹിച്ച കാലയളവാണ് 2013 എന്ന വര്‍ഷം. കൂടുതല്‍ കൂടുതല്‍ അക്രമാസക്തവും ഹിംസാത്മകവുമായി തീരുന്ന  മുതലാളിത്തത്തിന് അതിന്റെ സാമ്രാജ്യത്വ സ്വഭാവം പഴയതുപോലെ മറച്ചുവെക്കാനാവുന്നില്ല. അതിന്റെ സഹജമായ മനുഷ്യത്വരാഹിത്വം പ്രകടിപ്പിക്കാതിരിക്കാനാവുന്നില്ല.

മനുഷ്യരാശിയുടെ നിലനില്‍പ്പിനെ തന്നെ ബാധിക്കുന്ന അന്തരീക്ഷ മലിനീകരണത്തെകുറിച്ച് ഉയരുന്ന നിലവിളികള്‍ അതിന്റെ ബധിരകര്‍ണങ്ങളില്‍ എത്തുന്നില്ല എന്നുമാത്രമല്ല ക്യോട്ടോ പ്രോട്ടോകോളിനെ തന്നെ പരസ്യമായി വെല്ലുവിളിക്കുകയാണത്.

ലോകത്താകെയുള്ള ജനങ്ങളുടെ പട്ടിണി അകറ്റാന്‍ വേണ്ടതിന്റെ ഇരട്ടിയിലേറെ ഭക്ഷ്യധാന്യങ്ങള്‍ ഉത്പാദിപ്പിക്കാന്‍ ത്രാണി നേടിയിട്ടും എട്ടര കോടിയിലേറെ മനുഷ്യര്‍ മുഴുപട്ടിണിയിലാണ്.

അത്തരമൊരു അവസ്ഥയില്‍ ഭക്ഷ്യധാന്യങ്ങള്‍ മനുഷ്യരുടെ വിശപ്പകറ്റാനല്ല, തങ്ങളുടെ ആഢംബരകാറുകളുടെ ഇന്ധനാവശ്യത്തിനായി ഉപയോഗിക്കാനാണ് എന്ന് കരുതുന്നത് കാസ്‌ട്രോ പറഞ്ഞതുപോലെ കാടത്തമാണ്.

ഭക്ഷണത്തിന്റെ കാര്യത്തില്‍ മാത്രമല്ല കുടിവെള്ളത്തിന്റേയും മരുന്നിന്റേയും വിദ്യാഭ്യാസത്തിന്റേയും പാര്‍പ്പിടത്തിന്റേയും കാര്യങ്ങളില്‍ വന്‍കിട കുത്തകകളുടെ കടന്നുകയറ്റം കാരണം സാധാരണ മനുഷ്യര്‍ നരകിക്കുകയാണ്.

കുത്തകകളുടെ ലാഭം കുന്നുകൂടുന്നു, സാധാരണക്കാരുടെ ജീവിതം കൂടുതല്‍ കൂടുതല്‍ ദുരിതപൂര്‍ണമാകുന്നു. ഈയൊരു അവസ്ഥയിലാണ് കഴിഞ്ഞ വര്‍ഷങ്ങളില്‍ വാള്‍സ്ട്രീറ്റിലുയര്‍ന്ന 99 ശതമാനവും 1 ശതമാനവും തമ്മിലുള്ള ഏറ്റുമുട്ടല്‍ കൂടുതല്‍ തീവ്രമാകുന്നത്.

ലോകത്താകെയുള്ള ജനങ്ങളുടെ പട്ടിണി അകറ്റാന്‍ വേണ്ടതിന്റെ ഇരട്ടിയിലേറെ ഭക്ഷ്യധാന്യങ്ങള്‍ ഉത്പാദിപ്പിക്കാന്‍ ത്രാണി നേടിയിട്ടും എട്ടര കോടിയിലേറെ മനുഷ്യര്‍ മുഴുപട്ടിണിയിലാണ്.

കുത്തകകളുടെ ലാഭം തേടിയുള്ള ആര്‍ത്തിപിടിച്ച നെട്ടോട്ടത്തിന് നടുവില്‍ പണിയെടുക്കുന്നവരുടെ അവകാശങ്ങളാകെ ചവിട്ടിമെതിക്കപ്പെടുകയാണ്. സോവിയറ്റ് യൂണിയന്റെ തകര്‍ച്ചയ്ക്ക് ശേഷം തൊഴിലാളികള്‍ക്ക് നേരെയുള്ള കടന്നാക്രമണങ്ങള്‍ കൂടിവരികയായിരുന്നല്ലോ. ക്ഷേമപദ്ധതികള്‍ ഓരോന്നോരോന്നായി ഇല്ലാതാവുകയാണ്, കൂലി വെട്ടിച്ചുരുക്കപ്പെടുകയാണ്, പ്ലാന്റുകള്‍ അടച്ചുപൂട്ടപ്പെടുകയാണ്. സ്ഥിരം തൊഴില്‍ അപ്രത്യക്ഷമാവുകയും കരാര്‍വത്ക്കരണം വ്യാപകമാവുകയും ചെയ്യുകയാണ്.

അതുകൊണ്ട് തന്നെ വികസിത മുതലാളിത്ത രാജ്യങ്ങളിലാകെ പണിയെടുക്കുന്നവര്‍ കൂലിയും ജോലിയും നിലനിര്‍ത്താന്‍ വേണ്ടിയുള്ള പോരാട്ടങ്ങളില്‍ കൂടുതലായി അണിനിരന്ന വര്‍ഷമാണ് 2013.

ദേശരാഷ്ട്രങ്ങള്‍ തന്നെ, പരമാധികാര റിപ്പബ്ലിക്കുകള്‍ തന്നെ കുത്തുപാളയെടുക്കുന്ന ഒരു കാലത്ത്, മുതലാളിത്ത പ്രതിസന്ധിയുടെ മുഴുവന്‍ ഭാരവും തൊഴിലാളികള്‍ക്ക് മേല്‍ അടിച്ചേല്‍പ്പിക്കപ്പെടുകയാണ്. ഗ്രീസിലായാലും പോര്‍ച്ചുഗലിലായാലും ഫ്രാന്‍സിലായാലും തെരുവിലിറങ്ങി പോരാടാന്‍ തൊഴിലാളി സംഘടനകള്‍ നിര്‍ബന്ധിതരായ വര്‍ഷമാണ് 2013.

വേള്‍ഡ് ഫെഡറേഷന്‍ ഓഫ് ട്രേഡ് യൂണിയനാകട്ടെ 2011 ലെ 16 ാം കോണ്‍ഗ്രസിന് ശേഷം കൂടുതല്‍ കരുത്തോടെ സമരരംഗത്ത് അണിനിരക്കുകയാണ്. അതിന്റെ വര്‍ഗവീക്ഷണവും ഉശിരന്‍ സ്വഭാവവും വിപ്ലവാത്മകതയും കൂടുതല്‍ കൂടുതല്‍ പ്രകടിതമാവുകയാണ്.
അടുത്ത പേജില്‍ തുടരുന്നു

Advertisement