Categories

പ്രത്യേക സൈനിക നിയമം പിന്‍വലിക്കാന്‍ കാംപെയിന്‍ ആരംഭിച്ചു

ശ്രീനഗര്‍: കാശ്മീരിലെയും മണിപ്പൂരിലെയും പ്രത്യേക സൈനിക നിയമം പിന്‍വലിക്കാന്‍ പ്രമുഖ ആക്ടിവിസ്റ്റ് മേധാ പട്കറും മഗ്‌സസെ അവാര്‍ഡ് ജേതാവ് സന്ദീപ് പാണ്ഡെയും നയിക്കുന്ന യാത്ര ശ്രീനഗറില്‍ നിന്നും ആരംഭിച്ചു. കാശ്മീരിലെയും മണിപ്പൂരിലെയും ജനങ്ങളില്‍ ചെറുത്തു നില്‍പ്പിന്റെ ഊര്‍ജ്ജം പകരുകയും പ്രത്യേക സൈനികാധികാര നിയമം ഇല്ലാത്ത സംസ്ഥാനങ്ങളിലെ ജനങ്ങളില്‍ ഗൗരവപൂര്‍ണ്ണമായ ചിന്ത ഉണര്‍ത്തുകയുമാണ് യാത്രയുടെ ലക്ഷ്യം.

ഹസ്രത്ത്ബാല്‍ പള്ളിയില്‍ നിന്ന് നീതിക്കും സമാധാനത്തിനും വേണ്ടിയുള്ള പ്രാര്‍ത്ഥനയോടെയായിരുന്നു യാത്രക്ക് തുടക്കമായത്. ‘സേവ് ഷര്‍മ്മിള സോളിഡാരിറ്റി കാംപെയിനി’ന്റെ ഭാഗമായിട്ടു കൂടിയാണ് യാത്ര സംഘടിപ്പിച്ചിരിക്കുന്നത്. ഇറോം ഷര്‍മ്മിളയുടെ സഹോദരന്‍ ഇറോ സിംഗ്ജിതും യാത്രയില്‍ പങ്കെടുക്കുന്നുണ്ട്.

ശ്രീനഗറില്‍ നിന്ന് ആരംഭിച്ച് പത്തു സംസ്ഥാനങ്ങളിലൂടെ 4,500 കിലോമീറ്റര്‍ പിന്നിട്ട് ഇംഫാലിലെ ഇറോം ഷര്‍മ്മിളയെ പ്രവേശിപ്പിച്ചിരിക്കുന്ന ജവഹര്‍ലാല്‍ നെഹ്‌റു ആശുപത്രിയില്‍ ഒക്ടോബര്‍ 27നാണ് സമാപിക്കുക. വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള 25 പേരാണ് യാത്രയില്‍ പങ്കെടുക്കുന്നത്.

പ്രത്യേക സൈനികാധികാര നിയമം പിന്‍വലിക്കുന്നത് വരെ പോരാടുമെന്ന് യാത്രയെ അഭിസംബോധന ചെയ്ത് മേധാപട്കര്‍ പ്രഖ്യാപ്ച്ചു. യാത്രയെ പിന്തുണക്കേണ്ടത് ഓരോ പൗരന്റെയും ധര്‍മ്മമാണെന്ന് സംഘാടകര്‍ പറഞ്ഞു.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.