എഡിറ്റര്‍
എഡിറ്റര്‍
യാത്ര
എഡിറ്റര്‍
Friday 24th January 2014 1:21pm

yatra-poem

line

കവിത/ എം.എന്‍ ശശിധരന്‍

വര/ വിനു വാസുദേവന്‍

line

പ്രാണന്റെ തീവണ്ടി ചൂളം വിളിച്ചാര്‍ത്ത്
പാലങ്ങളീ ചുട്ടുപൊള്ളിച്ചു പായവേ
വിജന ദൂരങ്ങലാം ജാലകപ്പച്ചകള്‍
വിരസ വേഗങ്ങളാം ജീവിതക്കാഴ്ചകള്‍
അങ്ങകലെയേകനായ് ധ്യാനത്തിലെന്നപോല്‍
നിലപ്പാണൊരു വൃക്ഷം ഒറ്റയാന്‍വനം പോലെ
ഭൂതകാലത്തിന്‍ പോരിന്നോര്മ്മകളയവെട്ടി
കിടപ്പുണ്ടൊരു മൃഗം, തണലില്‍ നിസ്സംഗനായ് ,
ഇളം തെന്നലിന്‍ വിരല്‍സ്പര്ശനം കൊള്‍കവെ
മഞ്ഞച്ചിരിച്ചേല തെല്ലൊന്നുലഞ്ഞപോല്‍
കോള്‍മയിര്‍ കൊള്ളുന്ന കടുക് പാടങ്ങളും,
തുള്ളിച്ചിരിച്ചാര്‍ത്തു പായുന്ന പേടമാന്‍
കണ്ണില്‍ തിളങ്ങുന്ന കൌതുകം പോലവേ
വിസ്മയക്കാഴ്ച്ചകള്‍ ഓരോന്നുമോരോന്നു
നെഞ്ചെട്ടിയോടുന്ന ബാല്യ കൌമാരങ്ങള്‍
ഉച്ചിയിലുച്ചതന്‍ അത്യുഷ്ണ ദംശനം
മോഹഭോഗഭ്രമ സംത്രാസ യൗവ്വനം
ഉള്ളില്‍ തുടംവെച്ച നേരിന്റെ പോരുകള്‍
ഉള്ളം പഴുപ്പിച്ച വിക്ഷുബ്ദ്ധ യൗവ്വനം
എവിടെയാണെവിടെയാണടയാളവാക്കുകള്‍
എവിടെത്തറഞ്ഞുപോയ് ഉണ്മതന്‍ ചീളുകള്‍
എവിടെയുറഞ്ഞു പോയ് നന്മതന്‍ വൈഭവം
എവിടെക്കളഞ്ഞുപോയ് വീറിന്‍ പ്രഭാവങ്ങള്‍
എന്നെ ഞാന്‍ തിരയുന്നു വേവിന്റെ നിഴലുകളില്‍,
നാം, കാണാത്ത,യറിയാത്ത നേരിന്റെ അടരുകളില്‍,
വെയിലാളുന്ന ചില്ലകളില്‍,
അജലമൂര്‍ച്ചയായ് വാ പിളര്ന്ന വേരിന്റെ നാവുകളില്‍,
വറ്റി വരണ്ടാതാം ജലധികളില്‍,
ചത്തുണങ്ങിയ ജല സസ്യങ്ങളില്‍,
മത്സ്യ മുള്ളുകളില്‍, കുറ്റിയറ്റ കാടുകളില്‍,
ഞാനിവിടെയുണ്ടായിരുന്നെന്നു
പല്ലിളിക്കുന്ന മണ്ണില്‍പുതഞ്ഞ അസ്ഥികൂടങ്ങളില്‍,
എവിടെ എവിടെ ഞാനില്ല, എവിടെയെവിടെ ഞാനുണ്ട്,
എവിടെയെവിടെ ഞാനുണ്ടായിരുന്നെന്ന്,
കാലമേ മൊഴിയുക, ഹാ, പറയുക, എവിടെ ഞാനില്ല,
നഗരാന്ധകാര മറവിക്കയങ്ങളില്‍ മുങ്ങി മരിച്ച ഞാനെവിടെ,
നിഴലുപോലോരോ ചുവടിലും കാലിലുരസാതെ
കൂടെക്കിലുങ്ങിയ ചങ്ങലകളെ പറയുക,
എവിടെ ഞാനുണ്ട്,
മരണം, മുനകൂര്‍ത്ത പുരുഷാരമാകുന്നിടം,
വിലാപങ്ങളുറയുന്ന പകപ്രദേശങ്ങളില്‍,
ദുരിതങ്ങള്‍ കാറ്റായി, മഴയായി,
വറുതിക്കൊടും ചൂടായി പെയ്യുന്ന മരണക്കയങ്ങളില്‍,
ഇരുളിന്റെ ചുളിവുകളില്‍,
ചതിവളവുകളില്‍ ചോര ചീറ്റിപ്പിടയുന്ന പ്രാണന്റെ പോരുകളില്‍,
എവിടെ ഞാനുണ്ട്,
എവിടെ ഞാനുണ്ടായിരുന്നു,
എവിടെയെവിടെ ഞാനുണ്ടായിരുന്നില്ലയെന്നോതുക,
അന്ധകാരച്ചുഴി വീശിയെന്‍ കണ്ണ് കെട്ടുന്ന കാലമേ,
കാലു കെട്ടുന്ന കാലമേ, നീ പറയുക !

Advertisement