ന്യൂദല്‍ഹി: ജപ്പാനീസ് ബൈക്ക് നിര്‍മ്മാതാക്കളായ യമഹ പരിഷ്‌കരിച്ച ആര്‍ 15 പുറത്തിറക്കി. കരുത്തും അഴകും സമന്വയിക്കുന്ന ഒട്ടേറെ മാറ്റങ്ങളുമായാണ് പുതിയ വൈ.എസ്.എഫ്.ആര്‍ 15 പുറത്തിറങ്ങിയിരിക്കുന്നത്. 1.7 ലക്ഷം രൂപയാണ് ബൈക്കിന്റെ വില.

മൂന്ന വര്‍ഷം മുമ്പ് പുറത്തിറക്കിയതിന് ശേഷം പ്രീമിയം സെഗ് മെന്റില്‍ ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന മോഡലാണ് അര്‍ 15. സാങ്കേതികയിലും രൂപ കല്‍പനയിലും മുന്‍പന്തിയില്‍ നില്‍ക്കുന്ന പുതിയ മോഡലിനും ആവശ്യക്കാരേറെ ഉണ്ടാവുമെന്നാണ് കമ്പനി പ്രതീക്ഷിക്കുന്നത്.

ഒട്ടനവധി സവിശേഷതകളുമായാണ് പുതിയ ആര്‍15 നിരത്തിലെത്തിയിരിക്കുന്നത്. കൂടുതലും സ്‌റ്റൈല്‍ കേന്ദ്രിത മാറ്റങ്ങളാണ് ബൈക്കില്‍ വരുത്തിയിട്ടുള്ളത്. റീമാപ്പിഡ് ഇസിയു, അലുമിനിയം സ്വിഗ് ആം, കൂടുതല്‍ വീതിയുള്ള പിന്‍ ടയര്‍ , അപ്‌ഗ്രേഡഡ് ക്ലച്ച്, എല്‍ ഇ ഡി ടെയില്‍ ലാമ്പുകള്‍, സ്പ്ലിറ്റ് സീറ്റുകള്‍ എന്നിവയാണ് പുതിയ മോഡലിന്റെ പ്രധാന പ്രത്യേകതകള്‍.

ഈ വര്‍ഷം 5.2 ലക്ഷം യൂണിറ്റ് വിറ്റഴിക്കാമെന്നാണ് കമ്പനി പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ വര്‍ഷം വില്‍പന 3.8 ലക്ഷം യൂണിറ്റായിരുന്നു. 2013 ആവുമ്പോഴേക്കും വര്‍ഷത്തില്‍ പത്ത് ലക്ഷം ബൈക്കുകള്‍ വിറ്റഴിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്.

ഇന്ത്യയില്‍ ഉത്തര്‍പ്രദേശിലും ഹരിയാനയിലുമായി രണ്ട് നിര്‍മ്മാണ യൂണിറ്റുകള്‍ യമഹക്കുണ്ട്. രണ്ട യൂണിറ്റുകളിലുമായി ആറ് ലക്ഷം ബൈക്കുകളാണ് നിലവില്‍ ഉല്‍പ്പാദിപ്പിക്കുന്നത്. ഇത് പത്ത് ലക്ഷമായി വര്‍ധിപ്പിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ക്കും യമഹ തുടക്കമിട്ട് കഴിഞ്ഞു.