എഡിറ്റര്‍
എഡിറ്റര്‍
ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് പുതിയ നേതൃത്വം: ഷി ജിന്‍പിങ് പുതിയ പ്രസിഡണ്ട്
എഡിറ്റര്‍
Thursday 15th November 2012 11:00am

ബെയ്ജിങ്: ചൈനയുടെ പുതിയ രാഷ്ട്രീയ ഭരണ നേതൃത്വത്തെ പ്രഖ്യാപിച്ചു. നിലവിലെ വൈസ് പ്രസിഡണ്ട് ഷി ജിന്‍പിങ്ങിനെ രാജ്യത്തിന്റെ പുതിയ പ്രസിഡണ്ടായും കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ജനറല്‍ സെക്രട്ടറിയുമായി ഔദ്യോഗിക പ്രഖ്യാപനം ഇന്ന് രാവിലെ നടന്നു.

നിലവില്‍ ചൈനയുടെ വൈസ് പ്രസിഡന്റും പാര്‍ട്ടിയുടെ ഒന്നാം സെക്രട്ടറിയും സൈനിക കമ്മീഷന്‍ വൈസ് ചെയര്‍മാനുമാണ് ഷി ജിന്‍പിങ്.

Ads By Google

പാര്‍ട്ടിയെ ശക്തിപ്പെടുത്തുകയാണ് തന്റെ ലക്ഷ്യമെന്ന് ഷി ജിന്‍പിങ് പറഞ്ഞു. ജനങ്ങളുടെ ആഗ്രഹപ്രകാരമുള്ള ജീവിത സൗകര്യങ്ങള്‍ നല്‍കും. ജനങ്ങളുമായുള്ള പാര്‍ട്ടിയുടെ ബന്ധം ശക്തിപ്പെടുത്തണം. വ്യക്തികളാണ് ചരിത്രം സൃഷ്ടിക്കുന്നത്. വ്യക്തികളുടെ ഉന്നമനത്തിനായി പ്രവര്‍ത്തിക്കും. – ഷി ജിന്‍പിങ് പറഞ്ഞു.

18ാം പാര്‍ട്ടി കോണ്‍ഗ്രസിന്റെ തുടക്കം മുതല്‍ പ്രസിഡണ്ട് പദത്തിലേക്ക് ജിന്‍പിങ്ങിന്റെ പേര് ഉയര്‍ന്നു കേട്ടിരുന്നു. പീപ്പിള്‍സ് റിപ്പബ്‌ളിക് ഓഫ് ചൈന എന്ന പാര്‍ട്ടിയിലൂടെയാണ് 59 കാരനായ ജിന്‍പിങ് ചൈനയുടെ രാഷ്ട്രീയ മണ്ഡലത്തില്‍ സജീവമാകുന്നത്.

നിലവില്‍ ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ കേന്ദ്ര സെക്രട്ടറിയേറ്റില്‍ ഉന്നത പദവി മുതല്‍ നിരവധി സ്ഥാനങ്ങള്‍ വഹിച്ചു വരികയായിരുന്നു.

മാര്‍ച്ചിലാണ് ജിന്‍പിങ് ചുമതലയേല്‍ക്കുക. മറ്റ് ഭരണ സമിതി അംഗങ്ങളെ തെരഞ്ഞെടുക്കുന്നതിനുള്ള പുതിയ കേന്ദ്ര കമ്മിറ്റിയുടെ പ്രഥമ യോഗം ചൈനയില്‍ തുടരുകയാണ്. ഹു ജിന്റാവോ, സുപ്രധാനമായ കേന്ദ്രമിലിട്ടറി കമ്മീഷന്‍ ചെയര്‍മാന്‍ പദവിയും ഈയാഴ്ച ഒഴിയും.

മാര്‍ച്ചില്‍ പ്രധാനമന്ത്രി ആകാനുള്ള ലി കെഖിയാംഗ് നിലവിലെ പ്രധാനമന്ത്രി വെന്‍ ജിയാബാവോ പാര്‍ട്ടിയില്‍ വഹിക്കുന്ന ചുമതലകള്‍ ഇന്ന് ഏറ്റെടുക്കും.

പാര്‍ട്ടിയിലെ മാവോയിസ്റ്റുകളെ ഒതുക്കിയും അമിത ഉദാരവത്കരണം ഒഴിവാക്കിയും ഹൂജിന്റാവോ നടത്തിയ 10 വര്‍ഷത്തെ ഭരണത്തിനാണ് ഇതോടെ തിരശീല വീണത്. മാര്‍ച്ചിലെ പാര്‍ലമെന്റ് കഴിയുന്നതോടെ പൊതുരംഗത്തു നിന്നും അദ്ദേഹം വിരമിച്ചേക്കും.

കേന്ദ്രകമ്മിറ്റിയിലേക്ക് 200 സ്ഥിര അംഗങ്ങളെയും 170 ബദല്‍ അംഗങ്ങളെയുമാണു 2270 അംഗങ്ങള്‍ പങ്കെടുത്ത കോണ്‍ഗ്രസ് തെരഞ്ഞെടുത്തത്.

Advertisement