എഡിറ്റര്‍
എഡിറ്റര്‍
പച്ചക്കോട്ട് ധരിച്ചില്ലെങ്കില്ലെങ്കില്‍ സ്‌കൂളിന് പുറത്ത്; മാനേജ്‌മെന്റിന്റെ നടപടി വിവാദമാകുന്നു
എഡിറ്റര്‍
Sunday 21st October 2012 4:30pm

മലപ്പുറം: പച്ചക്കോട്ട് ധരിക്കണമെന്ന മാനേജ്‌മെന്റിന്റെ നിര്‍ദേശം അംഗീകരിക്കാത്തതിനെ തുടര്‍ന്ന് മലപ്പുറം അരീക്കോട് സുല്ലമുസ്സലാം ഹൈസ്‌കൂള്‍ അധ്യാപികയായ ജമീലയെ സസ്പന്റ് ചെയ്തത് വിവാദമാകുന്നു. സ്‌കൂള്‍ അധ്യാപകരും വനിതാ ജീവനക്കാരും സാധാരണ വസ്ത്രത്തിന് പുറമേ പച്ചക്കോട്ടോ പര്‍ദ്ദയോ ധരിച്ച് വരണമെന്ന സ്‌കൂള്‍ മാനേജ്‌മെന്റിന്റെ നിര്‍ദേശത്തെ അംഗീകരിക്കാത്തതിനെ തുടര്‍ന്നായിരുന്നു സ്‌കൂളിലെ കണക്ക് അധ്യാപികയായ ജമീലയെ സസ്പന്റ് ചെയ്തത്.

Ads By Google

മാനേജ്‌മെന്റിന്റെ നിര്‍ദേശം അംഗീകരിക്കാനാവില്ലെന്നും ഹൈക്കോടതി നിര്‍ദേശിച്ച മാന്യമായ വേഷമാണ് താന്‍ ധരിക്കുന്നതെന്നും അധ്യാപിക അധികൃതരെ അറിയിച്ചിരുന്നു. എന്നാല്‍ അധ്യാപികയുടെ വിശദീകരണം മുഖവിലയ്‌ക്കെടുക്കാതെ അവരെ സസ്പന്റ് ചെയ്യുകായാണ് മാനേജ്‌മെന്റ് ചെയ്തത്.

മാനേജ്‌മെന്റ് തീരുമാനം അംഗീകരിക്കാത്തതിനെ തുടര്‍ന്ന് അധികൃതര്‍ തന്നെ മാനസികമായി പീഡിപ്പിക്കുന്നുവെന്ന് കാണിച്ച് അധ്യപിക മനുഷ്യാവകാശ കമ്മീഷനും വനിതാ കമ്മീഷനും പരാതി നല്‍കിയിരുന്നു. പ്രത്യേക നിറത്തിലുള്ള വസ്ത്രമോ പര്‍ദയോ ധരിച്ചുവരാന്‍ നിര്‍ദേശിക്കാന്‍ മാനേജ്‌മെന്റിന് അധികാരമില്ലെന്നും അധ്യാപിക പറയുന്നു.

നിയമവിരുദ്ധമായി സര്‍ക്കാറിന്റേയോ വിദ്യാഭ്യാസ വകുപ്പിന്റെയോ നിര്‍ദേശമില്ലാതെ ആരുടേയും സ്വാര്‍ത്ഥ താത്പര്യം സംരക്ഷിക്കാന്‍ വേണ്ടി ഏകപക്ഷീയമായി അധ്യാപികമാരുടെ മേല്‍ അടിച്ചേല്‍പ്പിച്ച ഡ്രസ് കോഡ് പിന്‍വലിക്കണമെന്നും ജമീല പരാതിയില്‍ പറയുന്നു.

പി.ടി.എ മീറ്റിങ്ങോ സ്റ്റാഫ് മീറ്റിങ്ങോ ചേരാതെയാണ് അധ്യാപികമാര്‍ക്ക് മാത്രമായുള്ള ഡ്രസ് കോഡ് മാനേജ്‌മെന്റ് തീരുമാനിച്ചത്. മാനേജ്‌മെന്റിന്റെ ഏകപക്ഷീയമായ തീരുമാനത്തില്‍ കടുത്ത പ്രതിഷേധമാണ് മറ്റ് അധ്യാപികമാര്‍ക്കുമുള്ളത്. സാരി ധരിക്കുന്നവര്‍ക്ക് കോട്ട് നിര്‍ബന്ധമാക്കുന്നതിലൂടെ അധ്യാപികമാരുടെ സൗകര്യമോ വികാരമോ പരിഗണിക്കാതെയാണ് മാനേജ്‌മെന്റ് തീരുമാനമെന്നാണ് പരക്കേയുള്ള ആക്ഷേപം.

തങ്ങള്‍ക്ക് അധികാരമില്ലാത്ത വിഷയങ്ങളില്‍ നിയമങ്ങള്‍ കൊണ്ട് വന്ന് അധ്യാപകരുടെ മേല്‍ അടിച്ചേല്‍പ്പിച്ച് അധ്യാപികമാരുടെ സ്വാകര്യതയിലേക്കാണ് മാനേജ്‌മെന്റ് കടന്നുകയറിയിരിക്കുന്നത്. സ്വതന്ത്രമായി ജോലി ചെയ്യുന്നതിന് വിഘാതമേല്‍പ്പിക്കുന്ന ഇത്തരം നടപടികളെ ചെറുത്ത് നിന്നതിനാണ് ജമീലയെ സസ്പന്റ് ചെയ്തത്.

പച്ചക്കോട്ട് ധരിച്ച് ജോലി ചെയ്യാന്‍ താത്പര്യമില്ലെന്ന് കാണിച്ച് വെള്ളക്കോട്ട് ധരിച്ച് ഇവര്‍ ഒരുമാസത്തോളം ജോലി ചെയ്തിരുന്നു. ഇതിനെ തുടര്‍ന്ന് അധ്യാപികയെ അവഹേളിക്കുന്ന തരത്തിലുള്ള എസ്.എം.എസ്സുകളും സ്‌കൂളില്‍ വ്യാപിച്ചിരുന്നു.

സെപ്റ്റംബര്‍ മൂന്നിന് രജിസ്റ്ററില്‍ ഒപ്പിട്ട് ക്ലാസിലേക്ക് നീങ്ങിയ അധ്യാപികയെ മാനേജ്‌മെന്റ് വിളിപ്പിക്കുകയും പച്ചക്കോട്ടിടാതെ പഠിപ്പിക്കേണ്ടെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു. തുടര്‍ ദിവസങ്ങളിലും ഇതേ സമീപനം ആവര്‍ത്തിക്കപ്പെട്ടപ്പോള്‍ ഡ്രസ് കോഡുമായി ബന്ധപ്പെട്ട മാനേജ്‌മെന്റ് തീരുമാനം രേഖാമൂലം എഴുതിത്തരാന്‍ ആവശ്യപ്പെട്ടിരുന്നെങ്കിലും അധികൃതര്‍ അതിന് തയ്യാറായില്ല.

അവധിയിലായിരുന്ന അധ്യാപിക വീണ്ടും ജോലിയില്‍ പ്രവേശിക്കാനായി സ്‌കൂളില്‍ എത്തിയപ്പോഴായിരുന്നു സസ്പന്‍ഷന്‍ വിവരം അറിയുന്നത്.

സര്‍ക്കാര്‍ അംഗീകരാമുള്ളതും സര്‍ക്കാര്‍ ശമ്പളം പറ്റുന്നതുമായ സ്‌കൂളിലാണ്  ഏകപക്ഷീയമായ ഡ്രസ് കോഡ് നടപ്പിലാക്കുകയും അത് പാലിച്ചില്ല എന്ന കാരണത്താല്‍ അധ്യാപികയെ അധിക്ഷേപിക്കുകയും മാനസികമായ പീഡിപ്പിക്കുകയും ചെയ്തത് എന്നതും ശ്രദ്ധേയമാണ്.

സ്ത്രീകള്‍ളുടെ മാനത്തിന് ക്ഷതമേല്‍ക്കുന്ന രീതിയിലുള്ള  നോക്കോ വാക്കോ പ്രവര്‍ത്തിയോ സ്ത്രീ പീഡനമാണെന്നിരിക്കേ അധ്യാപികയ്ക്ക് നേരെയുണ്ടായ മാനസിക പീഡിനത്തിന് മാനേജ്‌മെന്റ് മറുപടി നല്‍കേണ്ടതുണ്ട്.

1986 മുതല്‍ ഇതേ മാനേജ്‌മെന്റിന്റെ കീഴില്‍ ജോലി ചെയ്തുവരികായാണ് ജമീല.

Advertisement