എഡിറ്റര്‍
എഡിറ്റര്‍
ശ്രീകണ്‌ഠേശ്വരക്ഷേത്രത്തിലേക്കുള്ള ദളിത് ലീഗ് സ്മൃതിഘോഷയാത്ര ബി.ജെ.പി ഇടപെട്ട് മാറ്റി
എഡിറ്റര്‍
Tuesday 13th November 2012 12:00am


കോഴിക്കോട്: ക്ഷേത്ര പ്രവേശന വിളംബരത്തിന്റെ 76 ാം വാര്‍ഷികത്തോടനുബന്ധിച്ച് മുസ്‌ലിം ലീഗ് പോഷക സംഘടനയായ ദളിത് ലീഗ് ശ്രീകണ്‌ഠേശ്വര ക്ഷേത്രത്തിലേക്ക് നടത്താനിരുന്ന സ്മൃതിഘോഷയാത്ര ബി.ജെ.പി പ്രവര്‍ത്തകര്‍ തടഞ്ഞതിനെ തുടര്‍ന്ന് കലക്ടര്‍ ഇടപെട്ട് ടൗണ്‍ ഹാളിലേക്ക് മാറ്റി.

Ads By Google

ഘോഷയാത്ര മുസ്‌ലിം ലീഗ് നേതാവ് പി.കെ.കെ ബാവ ഉദ്ഘാടനം ചെയ്യുമെന്നാണ് അറിയിച്ചിരുന്നതെങ്കിലും എതിര്‍പ്പുമായി ബി.ജെ.പി രംഗത്തെത്തുകയായിരുന്നു. ഘോഷയാത്ര ക്ഷേത്രത്തില്‍ കടക്കാന്‍ അനുവദിക്കില്ലെന്ന് ബി.ജെ.പി പ്രവര്‍ത്തകര്‍ ഭീഷണിപ്പെടുത്തിയതിനെ തുടര്‍ന്ന് പ്രശ്‌നത്തില്‍ കലക്ടര്‍ ഇടപെടുകയായിരുന്നു.

പി.കെ.കെ ബാവ, മുന്‍ എം.എല്‍.എ യു സി രാമന്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു ഘോഷയാത്ര സംഘടിപ്പിച്ചത്. സ്‌റ്റേഡിയം ജങ്ഷനില്‍ നിന്നും ആരംഭിച്ച ഘോഷയാത്ര രാജാജി റോഡിലൂടെ ബാങ്ക് റോഡ് വഴി ടൗണ്‍ഹാളില്‍ പ്രവേശിക്കുകയായിരുന്നു.

ഇന്നലെ രാവിലെ ഒമ്പത് മണിക്ക് ആരംഭിക്കുമെന്ന് അറിയിച്ചിരുന്ന ഘോഷയാത്ര പി.കെ.കെ ബാവ ഉദ്ഘാടനം ചെയ്‌തെങ്കിലും ദളിത് ലീഗിന്റെ ക്ഷേത്രപ്രവേശനം എന്ത് വിലകൊടുത്തും തടയുമെന്ന് ബി.ജെ.പി അറിയിക്കുകയായിരുന്നു. സംഘര്‍ഷാവസ്ഥ കണക്കിലെടുത്ത് കനത്ത പോലീസ് സന്നാഹമാണ് സ്ഥലത്തുണ്ടായിരുന്നത്.

സംഘര്‍ഷം ഒഴിവാക്കാന്‍ വേണ്ടിയാണ് പരിപാടിയുടെ സമാപനം ടൗണ്‍ഹാളിലേക്ക് മാറ്റിയതെന്ന് ദളിത് ലീഗ് നേതാക്കള്‍ അറിയിച്ചു. ദളിത് വിഭാഗങ്ങള്‍ക്ക് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഭക്തര്‍ക്ക് തുറന്ന് കൊടുത്ത ശ്രീകണ്ഠേശ്വര ക്ഷേത്രത്തില്‍ പ്രവേശനം നിഷേധിച്ചതിലൂടെ ബി.ജെ.പിയുടെ തനിനിറം പുറത്ത് വന്നിരിക്കുകയാണെന്ന് ദളിത് ലീഗ് നേതാക്കള്‍ പറഞ്ഞു.

അതേസമയം, ക്ഷേത്ര പ്രവേശന വിളംബരത്തിന്റെ വാര്‍ഷികത്തോടനുബന്ധിച്ച് മുസ്‌ലിം ലീഗിന്റെ പോഷക സംഘടനയായ ദളിത് ലീഗ് ശ്രീകണ്‌ഠേശ്വര ക്ഷേത്രത്തിലേക്ക് ഘോഷയാത്ര പ്രഖ്യാപിച്ചത് എന്തും ചെയ്യാമെന്ന അധികാര ഹുങ്കിന്റെ ഭാഗമായാണെന്ന് പട്ടിക ജാതി മോര്‍ച്ച സംസ്ഥാന പ്രസിഡന്റ് പി.കെ വേലായുധന്‍ വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചു.

ഹൈന്ദവ സമുദായത്തില്‍ വിള്ളലുകള്‍ സൃഷ്ടിക്കാനുള്ള ലീഗിന്റെ നീക്കമായാണ് ഇതിനെ കാണുന്നതെന്നും അദ്ദേഹം ആരോപിച്ചു.

 

Advertisement