എഡിറ്റര്‍
എഡിറ്റര്‍
ശബരിമല നിയന്ത്രണം വിശ്വാസികളെ വ്രണപ്പെടുത്തുമെന്ന് സര്‍ക്കാര്‍
എഡിറ്റര്‍
Monday 1st October 2012 1:55pm

തിരുവനന്തപുരം: കടുവ സങ്കേതങ്ങളുടെ സംരക്ഷണവുമായി ബന്ധപ്പെട്ട് ശബരിമലയിലെ നിയന്ത്രണം വിശ്വാസികളെ വ്രണപ്പെടുത്തുമെന്ന് സര്‍ക്കാര്‍. കടുവ സങ്കേതങ്ങളുടെ സംരക്ഷണവുമായി ബന്ധപ്പെട്ട് സുപ്രീംകോടതിയുടെ പരിഗണനയിലിരിക്കുന്ന മാര്‍ഗനിര്‍ദേശങ്ങളെക്കുറിച്ച് കേരളത്തിന്റെ നിലപാട് സുപ്രീം കോടതിയില്‍ വ്യക്തമാക്കവെയാണ് സര്‍ക്കാര്‍ ഇക്കാര്യം ചൂണ്ടിക്കാട്ടിയത്. ശബരിമലയിലെ വരുമാനത്തിന്റെ 10% വികസനത്തിനായി നല്‍കാനാവില്ലെന്നും സര്‍ക്കാര്‍ പറഞ്ഞു.

Ads By Google

ഹോട്ടലുടമകളില്‍ നിന്നും പരിസ്ഥിതി സംരക്ഷണത്തിനായി പണം ഈടാക്കരുതെന്നും ഇത് വിനോദ സഞ്ചാരത്തെ പ്രതികൂലമായി ബാധിക്കുമെന്നും സര്‍ക്കാര്‍ കോടതിയില്‍ വ്യക്തമാക്കി. നിക്ഷേപം നടത്തുന്നവര്‍ക്ക് പണം അങ്ങോട്ട് നടത്തുകയാണ് വേണ്ടതെന്നും സര്‍ക്കാര്‍ കൂട്ടിച്ചേര്‍ത്തു.

ശബരിമലയുടെ എല്ലാ കാര്യങ്ങളും സുപ്രീം കോടതിക്കറിയാം. അടുത്ത അമ്പത് വര്‍ഷത്തെ വികസനം വിഭാവനം ചെയ്തിട്ടുള്ള ശബരിമല മാസ്റ്റര്‍പ്ലാന്‍ തയ്യാറാക്കിയത് സുപ്രീം കോടതിയുടെ നിര്‍ദ്ദേശപ്രകാരമാണ്.  12.67 ഹെക്ടര്‍ സ്ഥലം ടൈഗര്‍ റിസര്‍വില്‍ നിന്നും കേന്ദ്രസര്‍ക്കാര്‍ വിട്ടുനല്‍കിയതും സുപ്രീം കോടതിയുടെ അനുമതിയോടെയാണ്.  ശബരിമലയുടെ വികസനത്തിന് ഇതുവരെ അനുമതി നല്‍കുകയും ഇനിയുള്ള ആവശ്യങ്ങളെക്കുറിച്ച്     തികച്ചും ബോധ്യവുമുള്ള സുപ്രീംകോടതിയെ, ശബരിമല തീര്‍ത്ഥാടനത്തില്‍ ഒരുവിധത്തിലുമുള്ള നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തെരുതെന്നും സര്‍ക്കാര്‍ കോടതിയെ  ബോധ്യപ്പെടുത്തി 2003ല്‍ ഭൂട്ടാ സിങ് ചെയര്‍മാനായ പബ്ലിക് അക്കൗണ്ട്‌സ് കമ്മിറ്റി ശബരിമല സന്ദര്‍ശിച്ചിരുന്നു.

അവിടത്തെ അടിസ്ഥാനസൗകര്യങ്ങളുടെ അപര്യാപ്തതയില്‍ കമ്മിറ്റി കേന്ദ്രസംസ്ഥാന സര്‍ക്കാരുകളെ വിമര്‍ശിക്കുകയും നടപടി എടുക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു.

തുടര്‍ന്ന് 2004ല്‍ യു.ഡി.എഫ് സര്‍ക്കാര്‍ ശബരിമല വികസനത്തിന് വനഭൂമി വിട്ടുനല്കണമെന്ന് ആവശ്യപ്പെട്ട്  പ്രധാനമന്ത്രിക്കു നിവേദനം നല്കി. പരിസ്ഥിതി മന്ത്രാലയം ഇവിടെ വന്നു പരിശോധിക്കുകയും  മാസ്റ്റര്‍ പ്ലാന്‍ തയാറാക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു. ഈ മാസ്റ്റര്‍ പ്ലാന്‍ പരിസ്ഥിതി മന്ത്രാലയവും കേന്ദ്ര എംപവേര്‍ഡ് കമ്മിറ്റിയും പ്രധാനമന്ത്രി ചെയര്‍മാനായ നാഷണല്‍ വൈല്‍ഡ് ലൈഫ് ബോര്‍ഡും അംഗീകരിച്ചു. ഇത് സുപ്രീം കോടതിയുടെ അനുമതിക്ക് സമര്‍പ്പിക്കുകയും അവരുടെ അനുമതിയോടെ 12.67 ഹെക്ടര്‍ സ്ഥലം കേന്ദ്രസര്‍ക്കാര്‍ വനംമേഖലയില്‍ നിന്ന് വിട്ടുതരുകയും ചെയ്തു.
നൂറ്റാണ്ടുകള്‍ പഴക്കമുള്ള കാനനക്ഷേത്രമാണ് ശബരിമലയിലേത്. കടുവാ സങ്കേതം വരുന്നതിന് മുമ്പും അവിടെ ക്ഷേത്രമുണ്ടായിരുന്നു. ശബരിമലയില്‍ എത്തുന്നവര്‍ വെറും സന്ദര്‍ശകരല്ല മറിച്ച് ഭക്തജനങ്ങളാണ്. മറ്റ് കാനനക്ഷേത്രങ്ങളുമായി ഇതിന് താരതമ്യമില്ല. ടൈഗര്‍ റിസര്‍വിന്റെ ബഫര്‍ സോണിലാണ് ശബരിമലയുള്ളത്. കോര്‍ ഏരിയ അല്ല. കടുവകളുടെ ആവാസവ്യവസ്ഥയെ ശബരിമല തീര്‍ത്ഥാടനം ബാധിക്കാറില്ല.

Advertisement