കാരന്‍ഗോള: ഗിന്നസ് റെക്കോര്‍ഡിലിടംനേടിയ ലോകത്തിലെ ഏറ്റവും പ്രായമേറിയ വനിത മരിയ ഗോമസ് വാലന്റിം അന്തരിച്ചു. 114 വയസും 347 ദിവസവുമായിരുന്നു മരിയയുടെ പ്രായം.

115 വയസ് തികയാന്‍ ആഴ്ചകള്‍ മാത്രം ശേഷിക്കെയായിരുന്നു മരിയയുടെ മരണം. ആന്തരിക അവയവങ്ങളുടെ പ്രവര്‍ത്തനം നിലച്ചതാണ് മരണകാരണം.

1896 ജൂലൈ ഒമ്പതിന് ജനിച്ച മരിയയെ കഴിഞ്ഞ മാസം 18നാണ് ലോകത്ത് ജീവിച്ചിരിപ്പുള്ള ഏറ്റവും പ്രായമേറിയ വ്യക്തിയായി ഗിന്നസ് ബുക്ക് അധികൃതര്‍ തിരഞ്ഞെടുത്തത്. മരിയയ്ക്ക് മുമ്പ് ജോര്‍ജിയക്കാരിയായ ബെസ് കൂപ്പറെയായിരുന്നു ലോകമുത്തശ്ശിയായി പരിഗണിച്ചിരുന്നത്. എന്നാല്‍ കൂപ്പറെക്കാള്‍ 48 ദിവസം മുമ്പാണ് മരിയയുടെ ജനനം എന്ന് കണ്ടെത്തിയതിനെത്തുടര്‍ന്ന് ലോക മുത്തശ്ശിപട്ടം ബ്രസീല്‍വനിതയ്ക്കു സ്വന്തമാവുകയായിരുന്നു.

മരിയയുടെ മരണത്തോടെ 114 വയസും 300 ദിവസവും പ്രായമുള്ള ബെസ് കൂപ്പറെ ലോക മുത്തശ്ശിയായി ഗിന്നസ് അധികൃതര്‍ അംഗീകരിച്ചുകഴിഞ്ഞു.