ജീസസ് ക്രൈസ്റ്റിന്റെ സന്ദേശം പ്രചരിപ്പിക്കുകയും അത് നടപ്പില്‍ വരുത്താനായി വിശ്വാസികളെ ആഹ്വാനം ചെയ്യുകയും ചെയ്ത ജീവിതം പുലര്‍ത്തുന്ന പുരോഹിതനാണ് സില്‍വസ്റ്റര്‍ സവാസ്‌കി. പെട്ടെന്നാണ് അദ്ദേഹത്തിന് ജ്ഞാനോദയം ഉണ്ടായത്. യേശുവിന്റെ പ്രതിമ നിര്‍മ്മിക്കണം.

അങ്ങനെ സവാസ്‌കിയുടെ തലയിലുദിച്ച ആശയം ലോകറെക്കോര്‍ഡിലേക്കാണ് നടന്നുകയറിയത്. ലോകത്തിലെ ഏറ്റവും ഉയരമുള്ള ജീസസ് ക്രൈസ്റ്റിന്റെ പ്രതിമ അങ്ങനെ പോളണ്ടിന് സ്വന്തമായി.

36 മീറ്റര്‍ (118 അടി) ഉയരമുള്ള കൂറ്റന്‍ പ്രതിമ പടിഞ്ഞാറന്‍ പോളണ്ട് നഗരത്തില്‍ തലയുയുര്‍ത്തി നില്‍ക്കുന്നു. ബ്രസീലിലെ റിയോഡി ജനീറോയില്‍ 80 വര്‍ഷമായി സ്ഥാപിക്കപ്പെട്ട പ്രതിമയുടെ റെക്കോര്‍ഡാണ് പുതിയ പ്രതിമ തകര്‍ത്തത്. തലയിലൊരു ലോഹകിരീടം കൂടിചൂടിയതോടെ പ്രതിമ കാണാനും ഫോട്ടോയെടുക്കാനുമായി സഞ്ചാരികളുടെ പ്രവാഹമാണ്.

400 ടണ്‍ ഭാരമുള്ള പ്രതിമ നിര്‍മ്മിക്കാനായി അഞ്ചുവര്‍ഷം വേണ്ടിവന്നു. ചെറിയപ്രതിമ മതി എന്നാണ് ആദ്യം നിശ്ചയിച്ചിരുന്നതെങ്കിലും സവാസ്‌കിയുടെ ആഗ്രഹം വര്‍ഷം കഴിയുന്തോറും വലുതാവുകയായിരുന്നു.

എന്നാല്‍ ഈ പ്രതിമ ഉണ്ടാക്കിയ പുകിലുകള്‍ ചില്ലറയല്ല. സവാസ്‌കിയുടെ ഈ മണ്ടന്‍ ആശയത്തെ പോളണ്ടിലെ കത്തോലിക്കാ സഭതന്നെ ആദ്യം എതിര്‍ത്തു. ക്രിസ്തുവിന്റെ സന്ദേശങ്ങള്‍ പ്രചരിപ്പിക്കാനായി മാത്രം ഇത്തരമൊരു പ്രതിമവേണ്ടെന്ന് അവര്‍ നിര്‍ദേശിച്ചു. പ്രതിമയുടെ നിര്‍മാണത്തിലെ മേധാവിക്കുനേരേ കല്ലേറ് വരെയുണ്ടായി.

പ്രതിമയുടെ നിര്‍മ്മാണത്തിനിടെ പല അപകടങ്ങളും ഉണ്ടായി. പ്രതിമയുടെ തലയിലേക്ക് കല്ലുകൊണ്ടുപോകുന്ന ക്രെയിന്‍ തകര്‍ന്ന് ജോലിക്കാര്‍ക്ക് സാരമായി പരിക്കേറ്റു. പ്രതിമയെ ദൈവംപോലും ഇഷ്ടപ്പെടുന്നില്ലെന്നാണ് ഇതിന്റെ സൂചനയെന്ന് ആരോപിച്ച് പലരും രംഗത്തെത്തി. എന്നാല്‍ സവോസ്‌കി പിന്‍മാറിയില്ല.

അതിനിടെ പ്രതിമാനിര്‍മാണത്തിലേര്‍പ്പെട്ട ജോലിക്കാര്‍ക്ക് വേണ്ടത്ര കൂലിപോലും നല്‍കിയില്ലെന്നും ‘ദൈവസേവന’ത്തിന് കൂലി ചോദിക്കരുതെന്ന് ജോലിക്കാരെ ഭീഷണിപ്പെടുത്തിയെന്നും വിമര്‍ശകര്‍ ആരോപിക്കുന്നു. ഇങ്ങനെ എല്ലാ ആരോപണങ്ങളെയും എതിരിട്ടാണ് സവോസ്‌കി തന്റെ സ്വപ്‌നം നടപ്പാക്കിയിരിക്കുന്നത്.