Categories

ലോകത്തെ ആദ്യ രാമായണ സര്‍വ്വകലാശാല ബീഹാറില്‍ തുടങ്ങാന്‍ പദ്ധതി

 

bihar

ബീഹാര്‍: ലോകത്തെ ആദ്യത്തെ രാമായണ സര്‍വ്വകലാശാല ബീഹാറില്‍ തുടങ്ങാന്‍ മഹാവീര്‍ മന്ദിര്‍ ട്രസ്റ്റിന്റെ തീരുമാനം. സംസ്ഥാന തലസ്ഥാനമായ വൈശാലിയിലാണ് സര്‍വ്വകലാശാല ആരംഭിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്.

രാമായണത്തില്‍ കൂടുതല്‍ ഗവേഷണങ്ങള്‍ക്ക് സഹായകമാകുന്നതായിരിക്കും സര്‍വകലാശാല എന്ന് പാറ്റ്‌നയിലെ പ്രസ്തുത ഹിന്ദു ട്രസ്റ്റിന്റെ സെക്രട്ടറി ആചാര്യ കിഷോര്‍ കുനാല്‍ അറിയിച്ചു.

മറ്റെല്ലാ ആധുനിക സര്‍വകലാശാലകളിലും ലഭ്യമാകുന്ന വിധത്തിലുള്ള ഉപരിപഠനത്തിനും ഗവേഷണത്തിനുമുതകുന്ന അടിസ്ഥാന സൗകര്യങ്ങളോടെയുള്ള സര്‍വകലാശാലയില്‍ വൈ-ഫൈ ക്യാമ്പസ്, ഓണ്‍ലൈന്‍ സൗകര്യം മുതലായവയും ഉണ്ടായിരിക്കുമെന്ന് കുനാല്‍ അറിയിച്ചു.

സര്‍വകലാശാല നിര്‍മ്മിക്കുന്നതിന് ഇതുവരെ കൃത്യമായ സമയം നിശ്ചയിച്ചിട്ടില്ലെന്നും എത്രയും വേഗം പൂര്‍ത്തിയാക്കാനാണ് തങ്ങള്‍ തീരുമാനിച്ചിരിക്കുന്നതെന്നും അദ്ദേഹം അറിയിച്ചു.

അസ്‌ട്രോ ഫിസിക്‌സ്, ജ്യോതിശാസ്ത്രം, ഹിന്ദു പുരാവൃത്തങ്ങളെ അടിസ്ഥാനമാക്കിയുള്ള പഠനം, വേദങ്ങളും ഉപനിഷത്തുകളും തുടങ്ങിയ വിഷയങ്ങളിലായിരിക്കും സര്‍വകലാശാലയില്‍ വൈദഗ്ധ്യം നല്‍കുക.

സൗത് ഈസ്റ്റ് ഏഷ്യന്‍ രാജ്യങ്ങളിലെ ഭാഷകളിലും സംസ്‌കൃതം, ഹിന്ദി, പ്രാദേശിക ഭാഷകള്‍ എന്നിവയിലുമാകും പഠനം. വാല്‍മീകി രാമായണമായിരിക്കും സിലബസിന്റെ അടിസ്ഥാന വിഷയം. ഗീതയും പഠനവിഷയമായിരിക്കും.

ഇതിനിടെ വിരാട് രാമായണ മന്ദിര്‍ എന്ന പേരില്‍ ലോകത്തെ ഏറ്റവും വലിയ ഹിന്ദു ക്ഷേത്രം നിര്‍മ്മിക്കാനും ട്രസ്റ്റ് തീരുമാനിച്ചിട്ടുണ്ട്. 405 അടിയില്‍ നിര്‍മ്മിക്കുന്ന ഹാളിന് അഞ്ഞൂറ് കോടിയലധികമാണ് പ്രതീക്ഷിക്കുന്ന നിര്‍മ്മാണത്തുക.

Tagged with: