ലണ്ടന്‍: ലോകത്തെ ഏറ്റവും പഴക്കം ചെന്ന കളര്‍ വീഡിയോ കണ്ടെത്തി. 1902 ല്‍ എടുത്ത വീഡിയോ ലണ്ടനില്‍ നിന്നാണ് കണ്ടെത്തിയത്. ലണ്ടനിലെ നാഷണല്‍ മീഡിയ മ്യൂസിയത്തില്‍ നിന്നാണ് ചിത്രങ്ങള്‍ കണ്ടെത്തിയത്.

Ads By Google

പ്രശസ്ത ഛായാഗ്രാഹകന്‍ എഡ്‌വാര്‍ഡ് റെയ്മണ്ട് ടര്‍ണറാണ് വീഡിയോ ചിത്രീകരിച്ചത്. നാല്‍പത് സെക്കന്റ് ദൈര്‍ഘ്യമുള്ള വീഡിയോയില്‍ ഫിഷ് ബൗളില്‍ നോക്കി നില്‍ക്കുന്ന എഡ്‌വാര്‍ഡിന്റെ കുട്ടികള്‍, ലണ്ടനിലെ തെരുവ്, പട്ടാളക്കാര്‍, തത്ത, ഊഞ്ഞാലാടുന്ന കുട്ടി, എന്നിവയാണുള്ളത്. ഇതോടെ ലോകത്തെ ആദ്യത്തെ കളര്‍ സിനിമയുടെ പിതാവായി എഡ്‌വാര്‍ഡ് മാറി.

ബ്ലാക്ക് ആന്‍ഡ് വൈറ്റ് നെഗറ്റീവുകളില്‍ പച്ച, നീല ഫില്‍ട്ടറുകള്‍ ഘടിപ്പിച്ചാണ് എഡ്‌വാര്‍ഡ് കളര്‍ ചിത്രങ്ങള്‍ എടുത്തിരിക്കുന്നത്. 1899ല്‍ ഈ കളര്‍ ചിത്രത്തിന് അവകാശപത്രവും എഡ്‌വാര്‍ഡ് നേടിയിരുന്നു.

ഏതാണ്ട് നശിച്ച നിലയിലായിരുന്ന ഫൂട്ടേജ് ഡിജിറ്റല്‍ സാങ്കേതിക വിദ്യയോടെ പുനര്‍നിര്‍മിച്ചിരിക്കുകയാണ്. നൂറ്റിപ്പത്ത് വര്‍ഷം പഴക്കമുള്ള ഫൂട്ടേജ് ഇന്ന് മുതല്‍ ലണ്ടനിലെ നാഷണല്‍ മീഡിയ മ്യൂസിയത്തില്‍ പ്രദര്‍ശനത്തിന് വെക്കും.