സൂറിച്ച്: ലോകകപ്പ് ഫുട്‌ബോള്‍ മത്സരങ്ങള്‍ക്ക് 2018ല്‍ റഷ്യയും 2022ല്‍ ഖത്തറും വേദിയാകും. ഇംഗ്ലണ്ട്, പോര്‍ച്ചുഗല്‍, സ്‌പെയിന്‍, ഹോളണ്ട്, ബെല്‍ജിയം എന്നീ രാജ്യങ്ങളെ പിന്തള്ളിയാണ് റഷ്യ 2018ലെ ലോകകപ്പിന് അര്‍ഹത നേടിയത്. അമേരിക്ക, ഓസ്‌ട്രേലിയ, ദക്ഷിണ കൊറിയ, ജപ്പാന്‍ എന്നീ രാജ്യങ്ങളെയാണ് ഖത്തര്‍ പിന്തള്ളിയത്. ആദ്യമായാണ് ഒരു ഗള്‍ഫ് രാഷ്ട്രം ലോകകപ്പ് ഫുട്‌ബോള്‍ മത്സരത്തിന് വേദിയാകുന്നത്.

സൈനുദ്ധീന്‍ സിദാന്‍ അടക്കമുള്ള പ്രമുഖരായിരുന്നു ഖത്തറിന് വേണ്ടി പ്രചരണ രംഗത്തുണ്ടായിരുന്നത്. അമേരിക്കക്ക് വോണ്ടി ബറാക് ഒബാമയടക്കമുള്ളവരും രംഗത്തുണ്ടായിരുന്നു. 16 വര്‍ഷങ്ങള്‍ക്ക് മുമ്പാണ് അവസാനമായി അമേരിക്കയില്‍ വെച്ച് ലോകകപ്പ് നടന്നത്.

ലോകകപ്പ് വേദികള്‍ ലഭിക്കാനായി കോഴ വാങ്ങിയതുമായി ബന്ധപ്പെട്ട ആരോപണങ്ങളെത്തുടര്‍ന്ന് നേരെത്തേ ഫിഫ രണ്ട് എക്‌സിക്യൂട്ടിവ് അംഗങ്ങളെ പുറത്താക്കിയിരുന്നു. നൈജീരിയയുടെ അമോസ് അഡാമു, തഹിതിയുടെ റെനാള്‍ഡ് തെമാരി എന്നിവരെയാണ് ഫിഫയുടെ സദാചാരകമ്മറ്റി പുറത്താക്കിത്. ഇതിനെ തുടര്‍ന്ന് ഈ രാഷ്ട്രങ്ങള്‍ക്ക് 2018 ലെയും 2022ലെയും ഫുട്‌ബോള്‍ ലോകകപ്പ് വേദികളെ നിശ്ചയിക്കുന്ന ചടങ്ങില്‍ പങ്കെടുക്കാനായില്ല.