വാഷിംഗ്ടണ്‍: ഭരണകൂടങ്ങളുടെ കോര്‍പറേറ്റ് ദുരാഗ്രഹത്തിനും സാമ്പത്തിക അസമത്വത്തിനുമെതിര വാള്‍സ്ട്രീറ്റ് പ്രക്ഷോഭത്തിന്റെ മാതൃകയില്‍ ലോകത്താകമാനം പ്രതിഷേധ പരിപാടികള്‍ നടന്നു. ആസ്‌ട്രേലിയയിലെ സിഡ്‌നിയിലും ജര്‍മനിയിലെ ബര്‍ലിന്‍, മെക്‌സികോ സിറ്റി, ബ്യൂണസ് അയറിസ്, സാന്റിയാഗോ എന്നീ ലാറ്റിനമേരിക്കന്‍ നഗരങ്ങളിലും ശക്തമായ പ്രതിഷേധ പ്രകടനങ്ങള്‍ നടന്നു. സ്‌പെയിനിലും ഇറ്റലിയിലെ റോമിലും പ്രതിഷേധ റാലി അക്രമാസക്തമായി. ജപ്പാന്‍, ഫിലിപ്പീന്‍സ്, ദക്ഷിണ കൊറിയ തുടങ്ങിയ ഏഷ്യന്‍ രാജ്യങ്ങളും പ്രതിഷേധത്തില്‍ പങ്കാളികളായി.

ഇംഗ്ലണ്ടില്‍ ലണ്ടനിലെ സെന്റ് പോള്‍സ് കത്തീഡ്രലിനു മുന്‍പില്‍ നൂറുകണക്കിനാളുകള്‍ പ്രതിഷേധ റാലി നടത്തി. സ്‌പെയിനില്‍ സര്‍ക്കാറിന്റെ ചെലവുചുരുക്കല്‍ പദ്ധതിക്കെതിരെയാണ് വാള്‍സ്ട്രീറ്റ് മാതൃകയില്‍ പ്രതിഷേധ പ്രകടനങ്ങള്‍ നടന്നത്.

റോമില്‍ നടന്ന റാലിക്കിടെ വ്യാപകമായി അക്രമസംഭവങ്ങള്‍ അരങ്ങേറി. കണ്ണീര്‍വാതക ഷെല്ലും ജലപീരങ്കിയുമുപയോഗിച്ചാണ് പോലീസ് സമരക്കാരെ നേരിട്ടത്. 135 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഒട്ടേറെ പോലീസ് വാഹനങ്ങള്‍ ചാമ്പലായി. പ്രതിഷേധ പ്രകടനത്തില്‍ അണിനിരന്നവര്‍ ഫെറാരി, ബെന്‍സ് തുടങ്ങിയ വിലകൂടിയ കാറുകള്‍ തിരഞ്ഞുപിടിച്ചാണ് ആക്രമിച്ചത്. ഇതിനു പുറമെ ബാങ്കുകള്‍ക്കും ആഡംബര ഉല്‍പന്നങ്ങള്‍ വില്‍ക്കുന്ന കടകള്‍ക്കും നേരെ ആക്രമണം നടന്നു. അക്രമസംഭവങ്ങളില്‍ മൊത്തം 10 ലക്ഷം യൂറോ (ഏഴു കോടി രൂപ)യുടെ നഷ്ടമുണ്ടായെന്നാണ് കണക്കാക്കപ്പെടുന്നത്.

അമേരിക്കയില്‍, ആഗോള പ്രതിഷേധ പരിപാടിയുടെ ഭാഗമായി ന്യൂയോര്‍ക്കിലെ ടൈം സ്‌ക്വയറിലേക്കും ചിക്കാഗോയിലെ ഗ്രാന്‍ഡ് പാര്‍ക്കിലേക്കും നടന്ന മാര്‍ച്ചില്‍ മുന്നൂറോളം പേരെ പോലീസ് അറസ്റ്റ് ചെയ്തു. പ്രക്ഷോഭത്തിന്റെ കേന്ദ്രമായ സുക്കോട്ടി പാര്‍ക്കില്‍ നിന്ന് ടൈം സ്‌ക്വയറിലേക്കുള്ള പ്രകടനത്തിനിടെ സിറ്റി ബാങ്ക് ബ്രാഞ്ചില്‍ ഇടിച്ചുകയറിയ 24 പേരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി. ഗതാഗത തടസ്സമുണ്ടാക്കി നീങ്ങിയ പ്രക്ഷോഭകരെ നേരിടാന്‍ കുതിരപ്പോലീസ് എത്തിയതോടെ ചെറിയ തോതില്‍ സംഘര്‍ഷമുണ്ടായി.

വിക്കിലീക്‌സ് സ്ഥാപകന്‍ ജൂലിയന്‍ അസാഞ്‌ജെ ലണ്ടനിലെത്തി ഒരു സമരപരിപാടിയെ അഭിസംബോധന ചെയ്തു. സല്‍മാന്‍ റുഷ്ദി, പുലിറ്റ്‌സര്‍ സമ്മാന ജേതാവ് ജെന്നിഫര്‍ ഈഗന്‍ എന്നിവരടക്കം നൂറോളം ലോകപ്രശസ്ത സാഹിത്യകാരന്മാര്‍കൂടി ഇന്നലെ പ്രക്ഷോഭത്തിന് പിന്തുണ പ്രഖ്യാപിച്ചു.