സെന്റ്പീറ്റേര്‍സ്ബര്‍ഗ്: കടുവകളുടെ എണ്ണത്തിലുണ്ടാകുന്ന കുറവില്‍ ആശങ്ക രേഖപ്പെടുത്താനായി ലോകനേതാക്കള്‍ സെന്റ്പീറ്റേര്‍സ് ബര്‍ഗില്‍ ഒത്തുചേര്‍ന്നു. കര്‍ശനനടപടികള്‍ സ്വീകരിച്ചില്ലെങ്കില്‍ 12 വര്‍ഷത്തിനുള്ളില്‍ കടുവകള്‍ ഭൂമുഖത്തുനിന്നും പൂര്‍ണമായും അപ്രത്യക്ഷമാകുമെന്ന് ലോക കടുവാ ഉച്ചകോടിയില്‍ പങ്കെടുത്തവര്‍ ആശങ്ക പ്രകടിപ്പിച്ചു.

നിലവില്‍ ഭൂമുഖത്ത് ആകെ 3,200 കടുവകള്‍ മാത്രമേയുള്ളൂ. നൂറുവര്‍ഷം മുമ്പ് കടുവകളുടെ എണ്ണം ഒരുലക്ഷത്തിലധികമായിരുന്നു. അനിയന്ത്രിതമായ കടുവാവേട്ടയും സ്വഭാവിക പരിസ്ഥിതിയിലുണ്ടായ വ്യതിയാനവുമാണ് കടുവകളുടെ നശീകരണത്തിന് കാരണമായിരിക്കുന്നത്. കാലാവസ്ഥാ വ്യതിയാനവും ആഗോളതാപനവും നശീകരണത്തിന് ആക്കം കൂട്ടി.

വിവിധരാജ്യങ്ങളിലുണ്ടാകുന്ന കാട്ടുതീ കടുവകളുടെ ആവാസവ്യവസ്ഥ തകര്‍ക്കുന്നുണ്ടെന്ന് ഉച്ചകോടിയില്‍ പങ്കെടുത്തവര്‍ നിരീക്ഷിച്ചു. തോലിനും പല്ലിനുമായി അന്താരാഷ്ട്രതലത്തില്‍ പ്രവര്‍ത്തിക്കുന്ന വേട്ടസംഘം കടുവയുടെ എണ്ണം കുറയുന്നതിന് മറ്റൊരു കാരണമാകുന്നു. ഇന്ത്യ, ചൈന, ലാവോസ്, ഇന്തോനേഷ്യ, മ്യാന്‍മര്‍, നേപ്പാള്‍, തായ്‌ലന്‍ഡ് ,വിയറ്റ്‌നാം, റഷ്യ എന്നീ രാഷ്ട്രങ്ങളാണ് ഉച്ചകോടിയില്‍ പങ്കെടുക്കുന്നത്.