കൊളംബോ: ഇന്ത്യന്‍ ക്രിക്കറ്റര്‍ ഹര്‍ഭജന്‍ സിങ്ങിന്റേയും പീയുഷ് ചൗളയുടേയും ശക്തമായ തിരിച്ച് വരവ് ടീമിന് ഏറെ ആശ്വാസകരമാണെന്ന് ഇന്ത്യന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ മഹേന്ദ്ര സിങ് ധോണി.

ലോക ട്വന്റി-20 ചാമ്പ്യന്‍പട്ടം സ്വന്തമാക്കാന്‍ കഴിയുമെന്നാണ് ടീം പ്രത്യാശിക്കുന്നത്. ഇന്ത്യന്‍ ടീമിലെ ബൗളിങ് സൈഡിനെ കുറിച്ച് ഏറെ ആശങ്കകള്‍ ഉണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ അതില്ല. ഹര്‍ഭജനും പീയൂഷും നന്നായി കളിക്കുന്നുണ്ട്.

Ads By Google

ടീമില്‍ സ്പിന്നറുടെ കുറവ് ഉണ്ടെന്നായിരുന്നു ഇത്രയും കാലം കരുതിയിരുന്നത്, എന്നാല്‍ കഴിഞ്ഞ ദിവസത്തെ ടീമിന്റെ പ്രകടനം പ്രതീക്ഷ നല്‍കുന്നതായിരുന്നു. ഓസ്‌ട്രേലിയയ്‌ക്കെതിരെ മികച്ച പ്രകടനം തന്നെ കാഴ്ചവെയ്ക്കാന്‍ കഴിയുമെന്നാണ് കരുതുന്നത്- ധോണി പറഞ്ഞു.

മത്സരത്തിനായി ഇറക്കേണ്ട താരങ്ങള്‍ ആരൊക്കെയാണെന്നതിനെ കുറിച്ചാണ് ഇപ്പോള്‍ ടെന്‍ഷന്‍. എല്ലാവരും നല്ല ഫോമിലാണ്. എന്തുതന്നെയായാലും മികച്ച ടീമായിരിക്കും ഓസ്‌ട്രേലിയയ്‌ക്കെതിരെ ഗ്രൗണ്ടില്‍ ഇറങ്ങുകയെന്നും ധോണി പറഞ്ഞു.

ഓസ്‌ട്രേലിയയ്‌ക്കെതിരെ നടക്കുന്ന മത്സരത്തില്‍ പിച്ചും അതിലുപരി ടോസും പ്രാധാന്യം അര്‍ഹിക്കുന്നുണ്ടെന്നും ധോണി പറഞ്ഞു.