ന്യൂദല്‍ഹി: ലോക ജനസംഖ്യ 700 കോടി തികച്ചു കൊണ്ട് ഇന്ത്യയിലും ഫിലിപ്പൈന്‍സിലും പ്രതീകാത്മക ‘സെവന്‍ ബില്യണ്‍ ബേബി’ ജനിച്ചു. ഇന്ത്യയില്‍ ഉത്തര്‍ പ്രദേശിലെ ലക്‌നൗവിനടുത്ത് മാലിലും മനിലയിലെ ജോസ് ഫെബൈല ആസ്പത്രിയിലുമാണ് ലോക ജനസംഖ്യ 700 തികച്ച കുഞ്ഞുങ്ങള്‍ പിറന്നത്.

തിങ്കളാഴ്ച പുലര്‍ച്ചെ മനിലയില്‍ ‘ഡാനിക മേ കാമാചോ’ ജനിച്ചത്. ഡാനികയെ സന്ദര്‍ശിച്ച യു.എന്‍ പ്രതിനിധി കുഞ്ഞുകേക്ക് സമ്മാനിച്ചതോടെ ലോകത്തിലെ പ്രതീകാത്മക ‘സെവന്‍ ബില്യന്‍ ബേബി’മാരില്‍ ഒരാളായി യുഎന്‍ അംഗീകരിച്ചു. സാധ്യതാ സിദ്ധാന്ത പ്രകാരമാണ് ഇന്ത്യയിലും ഫിലിപ്പൈന്‍സിലും ജനസഖ്യ 700 കോടി തികക്കുന്ന കുഞ്ഞ് പിറക്കുകയെന്ന് യു.എന്‍ നേരത്തെ വെളിപ്പെടുത്തിയിരുന്നു.

ലക്‌നൗവിലായിരുന്നു ‘നര്‍ഗീസി’ന്റെ പിറവി. അജയ് കുമാറിന്റെയും വിനിതയുടെയും മകളായി പിറന്ന നര്‍ഗീസാണ് ഇന്ത്യയിലെ പ്രതീകാത്മക ‘സെവന്‍ ബില്യണ്‍ ബേബി’.

1999 ഒക്ടോബര്‍ 12 ലോക ജനസംഖ്യ 600 കോടിയിലെത്തിയ ശേഷം പ്രതിവര്‍ഷം 7.5 കോടി എന്ന നിരക്കില്‍ 12 വര്‍ഷംകൊണ്ടാണ് ലോക ജനസംഖ്യ 100 കോടി കൂടിയത്.

ലോകത്തെ പല രാജ്യങ്ങളില്‍ ജനസംഖ്യയിലെ ഈ നാഴികക്കല്ലുമായി ബന്ധപ്പെട്ട് ആഘോഷപരിപാടികള്‍ സംഘടിപ്പിച്ചിട്ടുണ്ട്.